കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം ചോദിച്ച് ക്രൈംബ്രാഞ്ച്. സമയം നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ ഹർജി നൽകി. വിശദമായ അന്വേഷണം ആവശ്യമുണ്ടന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചിരിക്കുന്നത്.
കേസിൽ സാഹചര്യം മാറിയിട്ടുണ്ടന്നും മുൻ ഡിജിപി ആർ.ശ്രീലേഖ നടത്തിയ പുതിയ വെളിപ്പെടുത്തൽ പരിശോധിക്കേണ്ടതുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. നേരത്തെ അനുവദിച്ച സമയം ഈ മാസം 15 ന് തീരുന്നത് കണക്കിലെടുത്താണ് ക്രൈംബ്രാഞ്ചിന്റെ നടപടി. പ്രോസിക്യൂഷൻ ഹർജി വ്യാഴാഴ്ച പരിഗണിച്ചേക്കും.
വിചാരണ കോടതിയുടെ കൈവശമുള്ള മെമ്മറി കാർഡിന്റെ പരിശോധനാ ഫലം ഇന്ന് പുറത്തുവന്നു. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയത് പരിശോധനയിൽ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. മൂന്ന് തവണ ഹാഷ് വാല്യു മാറിയതാതായാണ് പരിശോധനയിൽ സ്ഥിരീകരിച്ചത്.
അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലും ജില്ലാ കോടതിയുടെ കൈവശം ഇരിക്കുമ്പോഴും വിചാരണ കോടതിയുടെ കൈവശം ഉള്ളപ്പോഴുമാണ് ഹാഷ് വാല്യു മാറിയതെന്നാണ് കണ്ടെത്തൽ.