പാലക്കാട്: പോക്സോ പ്രതിയുടെ നേതൃത്വത്തിൽ അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ പെൺകുട്ടിയുടെ അച്ഛനും അമ്മയും അറസ്റ്റിൽ. ഗുരുവായൂരിൽ ഒളിവിൽ പാർപ്പിച്ച കുട്ടിയെ ഇന്നലെയാണ് മാതാപിതാക്കൾക്ക് ഒപ്പം പൊലിസ് കണ്ടെത്തിയത്.
മുത്തശ്ശിയുടെ സംരക്ഷണയിൽ കോടതി ഏൽപ്പിച്ച അതിജീവിതയെ കടത്തി കൊണ്ടുപോകൽ അടക്കം കുറ്റങ്ങളാണ് ഇരുവര്‍ക്കും എതിരെ ചുമത്തിയത്. ഞായറാഴ്ച്ചയാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഒളിവിൽ പാർപ്പിച്ചത് ഗുരുവായൂരിലെ ലോഡ്ജിലും. ഇന്നലെയാണ് പെണ്‍കുട്ടിയെ പൊലിസ് കണ്ടെത്തിയത്.
ഒരുവര്‍ഷം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കേസിന്റെ വിചാരണ 16-ാം തീയതി ആരംഭിക്കാനിരിക്കുകയാണ്. മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ താല്പര്യമില്ലെന്നും ഭയമാണെന്നും നേരത്തെ കുട്ടി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് കുട്ടിയുടെ സംരക്ഷണച്ചുമതല വല്യമ്മ ഉള്‍പ്പെടെയുള്ളവരെ ഏല്പിക്കുകയായിരുന്നു. പ്രതികള്‍ക്ക് അനുകൂല നിലപാടാണ് മാതാപിതാക്കള്‍ സ്വീകരിച്ചിരുന്നത്. അതിനാല്‍ തന്നെ കുട്ടിയുടെ സംരക്ഷണച്ചുമതല മാതാപിതാക്കള്‍ക്ക് ഒരു ഘട്ടത്തിലും ഉണ്ടായിരുന്നില്ല.
കേസിലെ പ്രതിയായ ചെറിയച്ഛനെ സംരക്ഷിക്കുന്ന നിലപാടാണ് മാതാപിതാക്കള്‍ സ്വീകരിച്ചിരുന്നത്. കുട്ടിയെ പാലക്കാട്ടുനിന്ന് തട്ടിക്കൊണ്ടുപോയപ്പോള്‍ മാതാപിതാക്കള്‍ അടക്കുള്ളവര്‍ ഉപദ്രവിച്ചിരുന്നെന്നും ബലംപ്രയോഗിച്ചിരുന്നെന്നും ദൃക്സാക്ഷികള്‍ അടക്കം മൊഴി നല്‍കിയിരുന്നു.