നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മൂന്ന് തവണ മാറിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഫോറന്‍സിക് പരിശോധനാ ഫലത്തിലാണ് ഇക്കാര്യം കണ്ടെത്തിയത് . മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത് ഗുരുതരമായ സംഭവമാണെന്നും കൂടുതല്‍ അന്വേഷണത്തിനു കൂടുതൽ സാവകാശം വേണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെടും.
നേരത്തെ ആക്രമണ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ ചോര്‍ന്നതില്‍ പരിശോധന വേണമെന്ന് അതിജീവിത ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ആശങ്ക വേണ്ടെന്നായിരുന്നു അതിജീവിതയ്ക്കുള്ള ഹൈക്കോടതിയുടെ മറുപടി.
മെമ്മറി കാര്‍ഡിലെ ഫയല്‍ പ്രോപ്പര്‍ട്ടീസ് ഏതൊക്കെ, എന്നൊക്കെ കാര്‍ഡ് തുറന്ന് പരിശോധിച്ചു തുടങ്ങിയ കാര്യങ്ങളില്‍ അന്വേഷണം വേണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യങ്ങള്‍ വിചാരണക്കോടതി നിരസിച്ചിരുന്നു. ഫോറന്‍സിക് ലാബിലെ ഉദ്യോഗസ്ഥരെ അടക്കം വിസ്തരിച്ചു കഴിഞ്ഞതിനാല്‍ വീണ്ടും പരിശോധന വേണ്ടെന്നായിരുന്നു കോടതിയുടെ മറുപടി. തുടര്‍ന്നാണ് അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചത്.