തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ഇന്ന് വളരെ ശക്തമായി മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ടുകൾ. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. ഒഡീഷ തീരത്തിന് മുകളിലായുള്ള ന്യൂനമർദ്ദവും അറബിക്കടലിലെ ന്യൂനമർദ്ദപാത്തിയുമാണ് കാലവർഷക്കാറ്റ് സജീവമാക്കി നിർത്തുന്നത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് തെക്കൻ ജില്ലകളിലും മഴ ശക്തമായേക്കും. ഉച്ചയ്ക്ക് ശേഷം കൂടുതൽ മഴ കിട്ടും. അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത. ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
കോതമംഗലത്തും പരിസരങ്ങളിലും മഴയിലും കാറ്റിലും മരങ്ങൾ ഒടിഞ്ഞുവീണ് വൻ നാശനഷ്ടം. കീരംപാറ പഞ്ചായത്തിലാണ് കൃഷിക്കടക്കം നാശം നേരിട്ടത്. കാറ്റിൽ ഇലക്ട്രിക് പോസ്റ്റുകളടക്കം ഒടിഞ്ഞുവീണു. മലയൻകീഴ്-നാടുകാണി റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു.