കൊളംബോ: കുടുംബസമേതം രാജ്യംവിടാനുള്ള ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രജപക്‌സെയുടെ ശ്രമം വിമാനത്താവളം അധികൃതർ തടഞ്ഞു. ജനകീയ പ്രക്ഷോഭം രൂക്ഷമായതിനു പിന്നാലെ ദുബൈയിലേക്ക് കടക്കാനുള്ള ശ്രമമാണ് വിമാനത്താവള അധികൃതരുടെ കടുത്ത നിലപാടിനെ തുടർന്ന് വിഫലമായത്. തുടർന്ന്, കടൽമാർഗം രാജ്യം കടക്കാൻ ഗോതബയ നീക്കം നടക്കുന്നതായി റിപ്പോർട്ടുണ്ട്.
ഇത്തരത്തില്‍ യുഎഇയിലേക്കുള്ള നാല് വിമാനങ്ങളില്‍ കയറികൂടാനുള്ള രാജപക്‌സെയുടെ ശ്രമങ്ങള്‍ വിമാനത്താവള ജീവനക്കാര്‍ തടഞ്ഞുവെന്ന് ശ്രീലങ്കന്‍ അധികൃതര്‍ പറഞ്ഞു. തിങ്കളാഴ്ച രാത്രി മുഴുവന്‍ രജപക്‌സെയും അദ്ദേഹത്തിന്റെ ഭാര്യയും ഒരു ഡസനോളം വരുന്ന കുടുംബാംഗങ്ങളും വിമാനത്താവളത്തിന് സമീപത്തുള്ള ഒരു കേന്ദ്രത്തില്‍ തങ്ങി.
പ്രതിഷേധക്കാര്‍ പ്രസിഡന്റിന്റെ വസതിയിലേക്ക് ഇരച്ചുകയറിയ ശനിയാഴ്ച മുതലാണ് ഗോതാബയ രാജപക്‌സെയും കുടുംബവും അപ്രത്യക്ഷമായത്. നിലവില്‍ അദ്ദേഹം ശ്രീലങ്കയില്‍ തന്നെ അജ്ഞാത കേന്ദ്രത്തിലുണ്ടെന്നാണ് വിവരം. ഇതിനിടെ കടല്‍ മാര്‍ഗം ശ്രീലങ്കയില്‍ നിന്ന് കടക്കാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ന് രാവിലെ ഗോതാബയയുടെ ഇളയ സഹോദരനും മുന്‍ ധനകാര്യ മന്ത്രിയുമായ ബാസില്‍ രജപക്‌സെ കൊളംബോ വിമാനത്താവളം വഴി കടക്കാന്‍ ശ്രമിച്ചെങ്കിലും ജീവനക്കാര്‍ തടഞ്ഞ് തിരിച്ചയച്ചിരുന്നു.
ഇതിനിടെ വിമാനങ്ങളില്‍ രാജ്യവിടുന്നത് പരാജയപ്പെട്ട ഗോതാബയ രജപക്‌സെ നാവികസേനയുടെ പട്രോളിങ് ബോട്ടുകള്‍ ഉപയോഗിച്ച് രക്ഷപ്പെടുന്നതിനുള്ള നീക്കങ്ങള്‍ നടത്തിവരികയാണെന്ന് ശ്രീലങ്കന്‍ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.