കൊച്ചി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. ശ്രീലങ്കയിലേക്ക് ചൂര മത്സ്യം കയറ്റുമതി ചെയ്തതിൽ അടക്കം അഴിമതി നടത്തിയെന്ന പരാതിയിലാണ് കേസ്. കേസുമായി ബന്ധപ്പെട്ട് കോഴിക്കോട്, ദില്ലി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ സിബിഐ പരിശോധന നടത്തുകയാണ്.
ചില ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒത്തുകളിച്ച് മത്സ്യക്കയറ്റുമതിയിൽ അഴിമതി നടത്തിയെന്നാണ് സിബിഐ കേസ്. പ്രാദേശിക മത്സ്യത്തൊഴിലാളികളിൽനിന്ന് ലക്ഷദ്വീപ് കോ ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ വഴി ശേഖരിക്കുന്ന മത്സ്യം ശ്രീലങ്ക ആസ്ഥാനമായ എസ്ആർടി ജനറൽ മെർച്ചന്റ്‌സ് കമ്പനിക്ക് മറിച്ചുവിൽക്കുകയായിരുന്നു.
എന്നാൽ ലക്ഷദ്വീപ് കോ ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷന് കമ്പനി പണമൊന്നും നൽകിയിരുന്നില്ലെന്നാണ് ആരോപണം. ഇത് എൽസിഎംഎഫിനും മത്സ്യത്തൊഴിലാളികൾക്കും കനത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്നും ഉദ്യോഗസ്ഥർ പറയുന്നു.
ലക്ഷദ്വീപ് എംപിയും എൻസിപി നേതാവുമായ മുഹമ്മദ് ഫൈസൽ ആണ് കേസിൽ ഒന്നാം പ്രതി,ഫൈസലിൻ്റെ ബന്ധുവായ ആന്ത്രോത് ദ്വീപ് സ്വദേശി അബ്ദുൾ റസാഖ്, ലക്ഷദ്വീപ് കോപറേറ്റിംവ് മാർക്കറ്റിംഗ് ഫെഡറേഷന് എംഡി അൻവർ, ലക്ഷദ്വീപിലെ രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥർ എന്നിവരടക്കം ആറ് പേരെയാണ് എഫ്ഐആറിൽ പ്രതി ചേര്‍ത്തിരിക്കുന്നത്.