ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിനു മുകളിലെ അശോകസ്തംഭം അനാഛാദനം ചെയ്തതിനു പിന്നാലെ വിവാദത്തിൽ. ദേശീയ ചിഹ്നമായ അശോക സ്തംഭം പരിഷ്കരിച്ച് അപമാനിച്ചെന്നാണ് പ്രതിപക്ഷ ആരോപണം.
മന്ത്രിസഭയുടെ തലവനായ പ്രധാനമന്ത്രിക്ക് പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കാനുള്ള അശോകസ്തംഭം അനാച്ഛാദനം ചെയ്യാൻ എന്താണ് അധികാരമെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. അശോകസ്തംഭത്തിൽ രൂപമാറ്റം വരുത്തിയത് അപമാനകരമാണെന്നും പ്രതപക്ഷം ആരോപിച്ചു.
ലാലു പ്രസാദ് യാദവിന്റെ ആർജെഡിയാണ് മുഖ്യമായും ആരോപണം ഉന്നയിച്ചത്. ദേശീയ ചിഹ്നത്തിലെ സൗമ്യഭാവമുള്ള സിംഹങ്ങൾക്ക് പുതിയ ശിൽപ്പത്തിൽ ക്രൗര്യഭാവമാണെന്ന് ആർജെഡി ആരോപിച്ചു. യഥാർഥ ദേശീയ ചിഹ്നത്തിന് സൗമ്യഭാവമാണ്. എന്നാൽ അമൃതകാലത്ത് നിർമിച്ചവ രാജ്യത്തെ എല്ലാറ്റിനെയും തിന്നുതീർക്കാനുള്ള പ്രവണതയാണ് അടയാളപ്പെടുത്തുന്നത്- ആർജെഡി ട്വീറ്റ് ചെയ്തു.
തന്റെ ഭരണകാലത്തെ അമൃത് കാലമെന്ന് മോദി നേരത്തെ വിശേഷിപ്പിച്ചതിനെ പരിഹസിച്ചായിരുന്നു ട്വീറ്റ്. ഓരോ ചിഹ്നവും ഒരോ മനുഷ്യന്റെയും ചിന്തകളെയാണ് പ്രതിധാനം ചെയ്യുന്നത്. ചിഹ്നങ്ങൾ മനുഷ്യന്റെ യഥാർഥ സ്വഭാവം വിളിച്ചറിയിക്കുമെന്നും ആർജെഡി ട്വീറ്റിൽ പറയുന്നു.
അശോകസ്തംഭത്തിന്റെ അനാച്ഛാദന ചടങ്ങിൽ പ്രതിപക്ഷത്തെ ഒഴിവാക്കിയത് അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ് വക്താവ് മനു അഭിഷേക് സിങ്വി പറഞ്ഞു. ബിജെപിയുടെ ഇടുങ്ങിയ ചിന്താഗതിയുടെ തെളിവാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. അശോകസ്തംഭത്തിൽ വ്യത്യാസങ്ങൾ വരുത്തുന്നത് അംഗീകരിക്കാനാവില്ല. സർക്കാർ തിരുത്താൻ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തൃണമൂൽ കോൺഗ്രസ് എം.പിയായ ജവഹർ സിർകാറും പുതിയ അശോക സ്തംഭത്തിനെതിരെ വിമർശനവുമായി രംഗത്തെത്തി. മോദി സർക്കാറിന്റെ നടപടി ദേശീയ ചിഹ്നത്തെ അപമാനിക്കലാണെന്ന് അദ്ദേഹം പറഞ്ഞു. അശോകസ്തംഭത്തിലെ സിംഹരൂപങ്ങൾ മനോഹരവും രാജകീയവുമായിരുന്നു, എന്നാൽ പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കാനായി ഉണ്ടാക്കിയ മോദി പതിപ്പ് അനുപാതരഹിതവും ആക്രമണോത്സുകവുമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തിനു മുകളിൽ സ്ഥാപിച്ചിട്ടുള്ള അശോകസ്തംഭം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അനാഛാദനം ചെയ്തത്. ആറര മീറ്റർ ഉയരവും 9,500 കിലോ തൂക്കവുമുള്ള അശോക സ്തംഭം വെങ്കലത്തിലാണ് നിർമിച്ചിട്ടുള്ളത്. കംപ്യൂട്ടർ ഗ്രാഫിക്സിന്റെ സഹാ യത്തോടെ എട്ട് വ്യത്യസ്ത ഘട്ടങ്ങൾക്കു ശേഷം ഒൻപത് മാസം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്.