കൊച്ചി: കലൂരില്‍ നഗരമധ്യത്തില്‍ യുവാവ് കഴുത്തറത്ത് ആത്മഹത്യ ചെയ്തതിനു പിന്നില്‍ സുഹൃത്തുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമെന്ന് പോലീസ്. പരിക്കേറ്റ സുഹൃത്ത് സച്ചിന്റെ മൊഴിയില്‍ നിന്നാണ് ആത്മഹത്യയുടെ കാരണം സംബന്ധിച്ച സൂചന പോലീസിന് ലഭിച്ചത്.
സുഹൃത്തായ സച്ചിനെ ആക്രമിച്ച് പരിക്കേല്‍പിച്ച ശേഷമാണ് തോപ്പുംപടി സ്വദേശിയായ ക്രിസ്റ്റഫര്‍ ക്രൂസ് തിങ്കളാഴ്ച കലൂര്‍ മാര്‍ക്കറ്റിന് സമീപം ആത്മഹത്യ ചെയ്തത്. സച്ചിനും ക്രിസ്റ്റഫറും അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാല്‍, ക്രിസ്റ്റഫറുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ സച്ചിന്‍ തീരുമാനിച്ചത് ക്രിസ്റ്റഫറിനെ പ്രകോപിതനാക്കുകയായിരുന്നു.
തിങ്കളാഴ്ച സച്ചിനെ കലൂരിലേക്ക് വിളിച്ചുവരുത്തിയ ശേഷം ബന്ധം തുടരണമെന്ന് ആവശ്യപ്പെടുകയും ആവശ്യം നിരസിക്കപ്പെട്ടതോടെ ആക്രമിക്കുകയുമായിരുന്നെന്ന് പോലീസ് പറയുന്നു.
ആക്രമണത്തില്‍ പരിക്കേറ്റെങ്കിലും സച്ചിന്‍ ഓടി രക്ഷപ്പെട്ടതിനെ തുടര്‍ന്ന് ക്രിസ്റ്റഫര്‍ ഇവിടെ വെച്ചുതന്നെ ആത്മഹത്യ ചെയ്യുകയായിരുന്നു.