എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിച്ച് കെഎസ്ആർടിസി ‘എയർ-റെയിൽ’ സിറ്റി സർക്കുലർ സർവീസ് ആരംഭിക്കുന്നു. തിരുവനന്തപുരത്തെ രണ്ട് എയർപോർട്ടുകളായ ഡൊമസ്റ്റിക്, ഇന്റർനാഷണൽ ടെർമിനലുകളിലേക്ക് തമ്പാനൂർ ബസ് സ്റ്റേഷനിൽ നിന്നും, സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നുമുള്ള യാത്രക്കാരെ അങ്ങോട്ടും, തിരിച്ചും എത്തിക്കുന്ന തരത്തിലാണ് എയർ-റെയിൽ സർക്കുലർ സർവീസ് നടത്തുന്നത്. സിറ്റി സർക്കുലറിൻ്റെ എട്ടാമത്തെ സർക്കിളാണ് ഇത്, നിലവിൽ ഏഴ് സർക്കുലർ സർവീസുകളാണ് ഉള്ളത്. ആദ്യ ഘട്ടത്തിൽ ഒരോ ബസ് വീതം ഓരോ മണിക്കൂറിലും ഈ രണ്ട് ടെർമിനലുകളിൽ എത്തുന്ന വിധമാണ് സർവീസ് ക്രമീകരിക്കുക.
ക്ലോക്ക് വൈസ് ആയി സർവീസ് നടത്തുന്ന സർക്കുലർ ബസ് തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ ആരംഭിച്ച് പൊന്നറ ശ്രീധർ പാർക്ക് ചുറ്റി, സെൻട്രൽ റെയിൽവെ സ്റ്റേഷന് മുന്നിൽ വന്ന് യാത്രക്കാരെ കയറ്റി ഓവർബ്രിഡ്ജ്, കിഴക്കേകോട്ട, അട്ടക്കുളങ്ങര, മണക്കാട്, മുക്കോലയ്ക്കൽ, വലിയതുറ ഡൊമസ്റ്റിക് ടെർമിനൽ, ശംഖുമുഖം, ഓൾ സെയിൻ്റസ് കോളജ്, ചാക്ക, ഇന്റർനാഷണൽ ടെർമിനൽ, ചാക്ക ജംഗ്ഷൻ, പേട്ട, പാറ്റൂർ, ജനറൽ ഹോസ്പിറ്റൽ, കേരള യൂണിവേഴ്സിറ്റി, പാളയം, സ്റ്റാച്യു, ഓവർബ്രിഡ്ജ് വഴി തമ്പാനൂരിൽ അവസാനിക്കുന്നതാണ് സർവീസ്.
ഇന്റർനാഷണൽ ടെർമിനലിൽ ആദ്യം പോകേണ്ടവർക്ക് ആന്റീ ക്ലോക്ക് വൈസായി ഓടുന്ന സർക്കുലർ ബസിൽ തമ്പാനൂർ, ഓവർ ബ്രിഡ്ജ്, പാളയം, അയ്യൻകാളി ഹാൾ, കേരള യൂണിവേഴ്സിറ്റി, ജനറൽ ആശുപത്രി, പാറ്റൂർ, പേട്ട, ചാക്ക, ഇന്റർ നാഷണൽ എയർപോർട്ട്, ഓൾ സെയിന്റസ്, ശംഖുമുഖം, വലിയതുറ ഡൊമസ്റ്റിക് ടെർമിനൽ, മുക്കോലയ്ക്കൽ, മണക്കാട്, വഴി തിരിച്ചും പോകുന്ന രീതിയിലാണ് സർവീസ് നടത്തുക. അടുത്തയാഴ്ച ഈ സർവീസുകളുടെ ട്രയൽ റൺ ആരംഭിക്കും. ക്ലോക്ക് വൈസ്, ആന്റി ക്ലോക്ക് വൈസുകളിൽ പുതിയ ഇലക്ട്രിക് ബസുകൾ ഉപയോഗിച്ച് ട്രയൽ റൺ നടത്തിയ ശേഷമായിരിക്കും റൂട്ട് അന്തിമമാക്കുന്നത്. ഈ സർവീസുകളിലേക്കായി പുതിയതായി വന്ന 2 ഇലക്ട്രിക് ബസുകളായിരിക്കും ആദ്യഘട്ടത്തിൽ ഉപയോഗിക്കുക.
വിമാനങ്ങളുടെയും, ട്രെയിനിന്റേയും സമയക്രമം അനുസരിച്ച് 24 മണിക്കൂറുമുള്ള ഷെഡ്യൂൽ തയ്യാറാക്കും. രാത്രിയിലാണ് ഇന്റർനാഷണൽ എയർപോർട്ടിൽ യാത്രക്കാർ കൂടുതൽ എത്തുന്നതിനാൽ രാത്രി സർവീസുകൾ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് മാത്രമാകും നടത്തുക. ഈ ബസുകളിൽ തന്നെ ദീർഘ ദൂര ബസ് സർവീസുകളിലേക്കുള്ള ടിക്കറ്റുകളും എടുക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. ഡൊമസ്റ്റിക്, ഇന്റർനാഷണൽ എയർപോർട്ടുകൾക്ക് മുന്നിൽ കെഎസ്ആർടിസി ടിക്കറ്റുകൾക്കുള്ള ബുക്കിംഗ് കൗണ്ടറുകൾക്കുള്ള സൗകര്യവും, പരസ്യം ചെയ്യാനുമുളള സൗകര്യവും തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് മാനേജ്മെന്റ് നൽകാമെന്ന് അറിയിച്ചിട്ടുണ്ട്.
യാത്രാക്കാരുടെ ലഗേജ് ഉൾപ്പെടെ കയറ്റാൻ ജീവനക്കാർ സഹായിക്കുകയും, ആവശ്യം എങ്കിൽ സീറ്റുകൾ മാറ്റി കൂടുതൽ ലഗേജ് സൗകര്യം ഒരുക്കുകയും ചെയ്യും. ലഗേജ് സൗകര്യം ഉൾപ്പെടെ 20 മുതൽ 50 രൂപവരെയുള്ള ടിക്കറ്റുകളായിരിക്കും ഈ ബസുകളിൽ നൽകുക. എന്നാൽ ആരംഭ ഓഫറായി ആദ്യത്തെ ഒരുമാസം ലഗേജ് ചാർജ് സൗജന്യവും, ടിക്കറ്റിൽ 10% നിരക്ക് ഇളവും നൽകും.