തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ച പ്രതി മരത്തില്‍ കുടുങ്ങി. സുഭാഷ് എന്ന ജീവപര്യന്തം തടവനുവഭിക്കുന്ന സുഭാഷ് എന്നയാളാണ് ജയില്‍ ചാടാന്‍ ശ്രമിച്ചത്. ജയില്‍ ജീവനക്കാര്‍ തടവുകാരനെ താഴെ ഇറക്കാനുള്ള ശ്രമം തുടരകയാണ്. 4.30തോടെയാണ് സംഭവം നടക്കുന്നത്. നെട്ടുകാല്‍ശേരി തുറന്ന ജയിലിലെ തടവുകരനായിരുന്നു സുഭാഷ്. കൊലപാതക കുറ്റത്തിനാണ് ഇയാള്‍ തടവ് ശിക്ഷ അനുഭവിച്ചിരുന്നത്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇയാളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുന്നത്.
ഈ ജയില്‍ പരിസരത്തു നിന്ന് ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ഓടി രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. ഇയാള്‍ ഒടിരക്ഷപെടുന്നത് കണ്ട ജീവനക്കാര്‍ പിന്തുടര്‍ന്നതോടെ ജയിലിനോട് ചേര്‍ന്നിരിക്കുന്ന സമൂഹ്യസുരക്ഷാ മിഷന്റെ ഷെല്‍റ്റര്‍ ഹോമിലേക്ക് ഇയാള്‍ ചാടി കയറി. ഉദ്യോഗസ്ഥര്‍ക്ക് പിടി കൊടുക്കാതിരിക്കാന്‍ മരത്തിന് മുകളില്‍ വലിഞ്ഞു കയറുകയുമായിരുന്നു. ഒരു മണിക്കൂറിലേറയായി ജയില്‍ ഉദ്യോസ്ഥരും ഫയര്‍ഫോഴ്‌സും ഇയാളെ താഴെയിറക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. ഏതെങ്കിലും രീതിയില്‍ ഇയാളെ അനുനയിപ്പിക്കാന്‍ സാധിക്കുന്നില്ലെന്നതാണ് പ്രധാനം. മരത്തില്‍ നിന്ന് ഇറങ്ങില്ലെന്ന വാശി അയാള്‍ തുടരുകയാണ്. മരത്തില്‍ നിന്ന് ഏതെങ്കിലും സാഹചര്യത്തില്‍ വീഴാതിരിക്കുന്നതിനായി ഫയര്‍ഫോഴ്‌സ് വല വിരിച്ചിട്ടുണ്ട്. കൂടുതല്‍ ജയില്‍ വകുപ്പ് ഉദ്യോഗസ്ഥരും ഉന്നത ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.