അൽമുഗ്‌സൈൽ ബീച്ചിൽ അപകടത്തിൽപെട്ടത് മഹാരഷ്ട്ര, ഉത്തർപ്രദേശ് സ്വദേശികളായ കുടുംബങ്ങൾ. കഴിഞ്ഞ ദിവസമാണ് ബീച്ചിൽ നിരവധി പേരെ കാണാതായത്. സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശിയായ ശശികാന്ത് (42), മകൻ ശ്രേയാസ് ശശികാന്ത്(അഞ്ച്) എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് കണ്ടെത്തിയിട്ടുണ്ട്. കാണാതായ ഇവരുടെ മകൾ ശ്രുതിയെ(എട്ട്) ഇനിയും കണ്ടെത്താനായിട്ടില്ല. അപകടം കണ്ടുനിന്ന ഇവരുടെ അമ്മ സരിക ശശികാന്ത് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
അപകടത്തിൽപെട്ട രണ്ടാമത്തെ കുടുംബത്തിലെ അനാമിക മോഹൻ(44), മകൾ ദ്രീത്തി മോഹൻ(16) എന്നിവരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഭർത്താവ് മോഹൻ അർജുൻ, മൂത്ത മകൾ ലബോണി മോഹൻ എന്നിവർ പരിക്കുകളോടെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം സുഹൃത്തുക്കളടങ്ങുന്ന ആറ് കുടുംബങ്ങൾ ദുബൈയിൽനിന്ന് ഒന്നിച്ചാണ് സലാലയിലെത്തിയത്. ഇതിൽ രണ്ട് കുടുംബങ്ങളിലെ അംഗങ്ങളാണ് അപകടത്തിൽപെട്ടത്. കാണാതായ മൂന്നുപേരെ കണ്ടെത്തുന്നതിന് ഹെലികോപ്ടർ ഉപയോഗിച്ചുള്ള തിരച്ചിൽ തുടരുകയാണ്. കടൽ പ്രക്ഷുബ്ധമായതിനാൽ കടൽമാർഗം ദുരന്തസ്ഥലത്തേക്ക് എത്തുക പ്രയാസകരമാണ്.