കുറച്ചു ദിവസമായി ഏറ്റവുമധികം സൈബറാക്രമണത്തിന് ഇരയായ നടിയാണ് ദുർഗാകൃഷ്‌ണ. പുതിയ ചിത്രം കുടുക്ക് 2025ന്റെ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ വീണ്ടും ദുർഗയ്‌ക്കെതിരെ കടുത്ത വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. ചിത്രത്തിലെ ലിപ് ലോക് സീനിനെ ചൊല്ലിയാണ് ഇപ്പോൾ താരത്തെ അധിക്ഷേപിക്കുന്നത്. ഇതിനുള്ള മറുപടിയുമായി ഭർത്താവും നിർമ്മാതാവുമായ അർജുൻ രവീന്ദ്രൻ രംഗത്തെതതി. കേവലം ഒരു ലിപ്‌ലോക്കിന്റെ പേരിൽ എന്റെ നട്ടെല്ലിന്റെ ബലം ചോദ്യം ചെയ്ത പകൽ മാന്യൻമാർക്കും കുലസ്ത്രീകൾക്കും ഒരു ലോഡ് പുച്ഛം ഉത്തരമായി നൽകുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;
വളരെ അധികം അപ്രിയരായ സദാചാര കുരുക്കളേ, എന്റെയും എന്റെ ഭാര്യയുടെയും ജോലി സംബന്ധമായ മേഖല സിനിമ ആയതിനാലും, ആർട്ടിസ്റ്റ് എന്ന നിലയിൽ തിരഞ്ഞെടുക്കുന്ന കഥാപാത്രം ആവശ്യപ്പെടുന്ന പോലെ ദുർഗക്ക് ഉത്തരവാദിത്തമുള്ളതു കൊണ്ടും, സിനിമ വേറെ ജീവിതം വേറെ എന്ന് മനസിലാക്കുവാൻ ഉള്ള കോമൺ സെൻസ് ഉള്ളത് കൊണ്ടും; കേവലം ഒരു ലിപ്‌ലോക്കിന്റെ പേരിൽ എന്റെ നട്ടെല്ലിന്റെ ബലം ചോദ്യം ചെയ്ത പകൽ മാന്യൻമാർക്കും കുലസ്ത്രീകൾക്കും ഒരു ലോഡ് പുച്ഛം ഉത്തരമായി നൽകുന്നു.
അതിനെ ചൊല്ലി നിങ്ങളുടെ മനസിലെ സദാചാര കുരുക്കൾ പൊട്ടുമ്പോൾ അത് ദുർഗ എന്ന അഭിനേത്രിക്കു മാനസികമായി വിഷമങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിലും, നിങ്ങളുടെ മനസിൽ നിന്നും പുറത്തു വരുന്ന ദുർഗന്ധവും വ്രണങ്ങളും എന്നെയും എന്റെ കുടുംബത്തെയും കുടുംബാംഗങ്ങളെയും ഒരു വിധത്തിലും ബാധിക്കുന്നില്ലെന്നും, ഇഷ്ടപ്പെടുന്ന നല്ല കഥാപാത്രങ്ങൾ ചെയ്യാൻ വിധം ദുർഗക്ക് പൂർണ സപ്പോർട്ട് എന്റെയും എന്റെ കുടുംബത്തിന്റെയും ഭാഗത്തു നിന്നും തുടർന്നും ഉണ്ടാകുമെന്നും നിങ്ങളെ സന്തോഷത്തോടെ അറിയിക്കുന്നു.