കണ്ണൂർ: തലശ്ശേരിയിൽ പൊലീസിന്റെ സദാചാര ആക്രമണത്തിന് ഇരയായ ദമ്പതിമാരിൽ പ്രത്യുഷിന് ജാമ്യം. തലശ്ശേരി മജിസ്ട്രേട്ട് കോടതിയാണ് പൊലീസിന്റെ ആക്രമണത്തിന് ഇരയായ പ്രത്യുഷിന് ജാമ്യം അനുവദിച്ചത്. പൊലീസിനെ ആക്രമിച്ചു , കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നീ വകുപ്പുകൾ ചുമത്തിയാണ് തലശ്ശേരി പൊലീസ് പ്രത്യുഷിനെതിരെ കേസെടുത്തിരുന്നത്. ഈ കേസിൽ പ്രത്യുഷിന്റെ ഭാര്യ മേഘയ്ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
കഴിഞ്ഞാഴ്ചയാണ് തലശ്ശേരിയിൽ കടൽപ്പാലം കാണാൻ പോയ പ്രത്യുഷും ഭാര്യ മേഘയും പൊലീസിന്റെ സദാചാര ആക്രമണത്തിന് ഇരകളായത്. രാത്രി കടൽപ്പാലം കാണാനെത്തിയ ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നെന്നാണ് പരാതി. ഇത് ചോദ്യം ചെയ്തതോടെ പ്രത്യുഷിനെ മർദ്ദിക്കുകയും കേസെടുക്കുകയും ചെയ്തെന്ന് ഭാര്യ മേഘ ആരോപണം ഉയർത്തിയിരുന്നു.