കൊച്ചി: സിറോ മലബാർ സഭ ഭൂമി ഇടപാട് കേസിൽ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്ക് സർക്കാരിന്‍റെ ക്ലീൻ ചിറ്റ്. ഭൂമിയിടപാടിൽ നിയമ വിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നാണ് സർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചിരിക്കുന്നത്. ഇടപാടുകൾ കാനോൻ നിയമപ്രകാരമാണെന്നാണ് സർക്കാർ പറയുന്നത്. കേസില്‍ നേരത്തെ പൊലീസ് ആലഞ്ചേരിക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു. ആ റിപ്പോർട്ടാണ് സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. 2020ൽ വിചാരണ കോടതിയിൽ നൽകിയ റിപ്പോർട്ടാണ് സർക്കാർ സുപ്രീംകോടതിയിലും സമർപ്പിച്ചിരിക്കുന്നത്.
കർദിനാള്‍ മാർ ജോർജ് ആലഞ്ചേരി അടക്കം 24 പേരാണ് കേസിലെ പ്രതികൾ. ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്. ആധാരം വിലകുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്നാണ് ഇഡി കേസ്. നികുതി വെട്ടിപ്പിന് ആദായ നികുതി വകുപ്പ് സഭയ്ക്ക് 6.5 കോടി പിഴ ഇട്ടിരുന്നു. കേസന്വേഷണത്തിന്‍റെ ഭാഗമായി ഇടനിലക്കാർക്കും ഇഡി നോട്ടീസ് അയച്ചിരുന്നു.