ജാർഖണ്ഡിൽ നിരവധി വികസ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തുടക്കം കുറിക്കും. വിവിധ വികസന സംരംഭങ്ങള്‍ക്ക് മോദി തറക്കല്ലിടുകയും 11.5 കിലോമീറ്റര്‍ റോഡ് ഷോയില്‍ പങ്കെടുക്കുകയും ചെയ്യും. ഇന്നലെ ലക്ഷം ദീപങ്ങള്‍ തെളിയിച്ചുകൊണ്ടാണ് ജനങ്ങള്‍ മോദിക്ക് സ്വീകരണമൊരുക്കിയത്. സംസ്ഥാന ബിജെപി ഘടകത്തിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികളും റോഡ് ഷോകളും നടന്നിരുന്നു. മോദിയുടെ പോസ്റ്ററുകളും ബാനറുകളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉയര്‍ന്നുകഴിഞ്ഞു.
ജാര്‍ഖണ്ഡില്‍ 16,000 കോടി രൂപയുടെ വികസന പദ്ധതികള്‍ക്കാണ് മോദി ഇന്ന് തുടക്കം കുറിക്കുന്നത്. ദിയോഗഡ് വിമാനത്താവളം അദ്ദേഹം ഉദ്ഘാടനം ചെയ്യും. ദിയോഗഡ് എയിംസില്‍ ഓപ്പറേഷന്‍ തിയേറ്ററും ഇന്‍ പേഷ്യന്റ് ഡിപ്പാര്‍ട്‌മെന്റും അദ്ദേഹം ജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. 10000 കോടിയിലധികം രൂപയുടെ ഒന്നിലധികം റോഡ് വികസന പദ്ധതികള്‍ക്കും അദ്ദേഹം തറക്കല്ലിടും.
2000 ത്തോളം തീര്‍ത്ഥാടകര്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ സാധിക്കുന്ന രണ്ട് തീര്‍ത്ഥാടന ഹാളുകളുടെ വികസനം, ജല്‍സര്‍ തടാകം നവീകരിക്കല്‍, ശിവഗംഗ കുളത്തിന്റെ വികസനം എന്നീ പദ്ധതികളും അദ്ദേഹം ഉദ്ഘാടനം ചെയ്യും. റോഡ് ഷോ നിരീക്ഷിക്കാന്‍ ഡ്രോണുകള്‍ വിന്യസിക്കും.സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി 12 ജ്യോതിര്‍ലിംഗങ്ങളിലൊന്നായ ബാബ ബൈദ്യനാഥ് ധാം ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തും.