തിരുവനന്തപുരം: ആര്‍എസ്എസ് ആചാര്യന്‍ എം എസ് ഗോൾവാൾക്കർക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നടത്തിയ പ്രസ്താവനയില്‍ കോടതി നോട്ടീസ് അയച്ചു. കണ്ണൂർ പ്രിൻസിപ്പൽ മുൻസിഫ് കോടതിയുടേതാണ് നോട്ടീസ്. അടുത്ത മാസം 12 ന് ഹാജരാകാനാണ് നോട്ടീസിലെ നിർദേശം.
ആർ എസ് എസിന്റെ പ്രാന്ത സംഘ ചാലക് കെ.കെ. ബാലറാമാണ് കേസ് ഫയൽ ചെയ്തത്. ഗോള്‍വാള്‍ക്കറിന്‍റെ വിചാരധാര എന്ന പുസ്‍തകത്തില്‍ ഭരണഘടന സംബന്ധിച്ച് സജി ചെറിയാന്‍ പറഞ്ഞ അതേവാക്കുകള്‍ കൃത്യമായി പറഞ്ഞിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. ഇത് ഏറ്റുപിടിച്ച് ആര്‍എസ്എസ് വി ഡി സതീശന് നോട്ടീസ് അയച്ചിരുന്നു.
സജി ചെറിയാന്‍ പറഞ്ഞ അതേവാക്കുകള്‍ വിചാരധാരയിൽ എവിടെയാണെന്ന് അറിയിക്കണം. അതിന് കഴിഞ്ഞില്ലെങ്കിൽ പ്രസ്താവന പിന്‍വലിക്കണം. ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു ആര്‍എസ്എസ് അയച്ച നോട്ടീസിലുള്ളത്.
ആര്‍എസ്എസ് നോട്ടീസ് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്നായിരുന്നു വി ഡി സതീശന്‍റെ പ്രതികരണം. നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. ഏത് നിയമനടപടിയും നേരിടാന്‍ തയ്യാറാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞിരുന്നു.