അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റ കണ്ണൂര്‍ സ്വദേശിയും മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വിനായകനാണ് മരിച്ചത്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നന്ദകിഷോര്‍ നേരത്തെ മരിച്ചുരുന്നു. കേസില്‍ പത്തുപേരാണ് പിടിയിലായത്. തോക്ക് കച്ചവടവുമായി ബന്ധപ്പെട്ട ഇടപാടുകളെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് അറിയിച്ചിരുന്നത്. കണ്ണൂരില്‍ നിന്ന് കിളികളെ കൊല്ലുന്ന തോക്ക് എത്തിച്ചു നല്‍കാമെന്ന് പറഞ്ഞ് നന്ദകിഷോറും കൂട്ടുകാരന്‍ വിനായകനും പ്രതികളില്‍ നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാല്‍ നിശ്ചിത സമയം കഴിഞ്ഞും തോക്ക് എത്തിച്ച് കൊടുത്തില്ല.
പണം തിരികെ ചോദിച്ചപ്പോള്‍ അതും നല്‍കിയില്ല. ഇതാണ് തര്‍ക്കത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. പ്രതികള്‍ വടികളും ഇരുമ്പും പൈപ്പും കൊണ്ടാണ് യുവാക്കളെ മര്‍ദിച്ചതെന്ന് പൊലീസ് പറയുന്നു. തലയ്ക്ക് ഗുരുതരമായി മര്‍ദനമേറ്റതാണ് നന്ദകിഷോറിന്റെ മരണത്തിനിടയാക്കിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു.