ഗോവയിലും കോണ്‍ഗ്രസ് നേതൃത്വം പ്രതിസന്ധിയിൽ. സംസ്ഥാന നിയമസഭയില്‍ 11 എംഎല്‍എമാരിൽ ചിലര്‍ ഭരണകക്ഷിയായ ബിജെപിയുമായി ചേര്‍ന്ന് വിമത നീക്കം നടത്തുന്നു എന്നാണ് റിപ്പോർട്ട് . പാര്‍ട്ടി മാറാന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് 40 കോടി രൂപ ബിജെപി വാഗ്ദാനം ചെയ്തതായി മുന്‍ ഗോവ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിരീഷ് ചോദങ്കര്‍ ആരോപിച്ചു. വ്യവസായികളും കല്‍ക്കരി മാഫിയകളും കോണ്‍ഗ്രസ് നിയമസഭാംഗങ്ങളെ വിളിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഈ ആരോപണങ്ങൾ ബിജെപി തള്ളി.എംഎല്‍എമാരെ സമീപിച്ച് പണം വാഗ്ദാനം ചെയ്യുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്.രണ്ടാഴ്ചത്തെ ബജറ്റ് സമ്മേളനം ഗോവയില്‍ ഇന്നു മുതല്‍ ആരംഭിക്കുകയാണ്. ശനിയാഴ്ച കോണ്‍ഗ്രസ് എംഎല്‍എമാര്‍ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍, പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പറയപ്പെടുന്ന ദിഗംബര്‍ കാമത്ത് യോഗത്തില്‍ നിന്ന് വിട്ടുനിന്നത് വിമതനീക്കത്തിന്റെ തുടക്കമായി പറയപ്പെടുന്നു.
ബിജെപി ആശയക്കുഴപ്പം സൃഷ്ടിക്കുകയും കോണ്‍ഗ്രസ് എംഎല്‍എമാരെക്കുറിച്ച് കിംവദന്തികള്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപണം.നിയമസഭാംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, ദിനേശ് ഗുണ്ടു റാവു വിമതനീക്കം സ്ഥിരീകരിച്ചു. മുതിര്‍ന്ന നേതാക്കളായ മൈക്കല്‍ ലോബോയും ദിഗംബര്‍ കാമത്തും കൂറുമാറ്റത്തിന് ഗൂഢാലോചന നടത്തിയെന്ന് പറഞ്ഞു. ലോബോയെ ഗോവ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് നീക്കിയതായി പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി.
ആകെ അഞ്ച് എംഎല്‍എമാര്‍ യോഗത്തില്‍ പങ്കെടുത്തുവെന്നും മറ്റ് ആറ് പേര്‍ ബിജെപിയില്‍ ചേരാന്‍ സാധ്യതയുണ്ടെന്നുമാണ് സൂചന. ആം ആദ്മി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും വിമത വാര്‍ത്തയുടെ പേരില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചു.
















