മധ്യ വേനലവധിക്ക് ശേഷം സുപ്രിംകോടതി ഇന്ന് തുറക്കും. കോടതിയലക്ഷ്യക്കേസിൽ വിവാദ വ്യവസായി വിജയ് മല്യയുടെ ശിക്ഷ ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് പ്രഖ്യാപിക്കും. പോർച്ചുഗലിന് ഇന്ത്യ നൽകിയ നയതന്ത്ര ഉറപ്പ് പ്രകാരം, തന്റെ ശിക്ഷ 25 വർഷത്തിൽ കൂടുതലാകാൻ കഴിയില്ലെന്ന ബോംബെ സ്‌ഫോടനപരമ്പരക്കേസിലെ കുറ്റവാളി അബു സലേമിന്റെ ഹർജിയിലും സുപ്രിംകോടതി ഇന്ന് വിധി പറയും.
സ്ഥിരജാമ്യം തേടി ഭീമ കൊറേഗാവ് കേസ് പ്രതിയും, തെലുഗ് കവിയുമായ വരവരറാവു സമർപ്പിച്ച ഹർജിയും കോടതിക്ക് മുന്നിലെത്തും. വേനലവധിക്ക് ശേഷം തുറക്കുന്ന ആദ്യദിവസം തന്നെ രണ്ട് പ്രധാന കേസുകളിലാണ് സുപ്രിംകോടതി വിധി പറയുന്നത്.