തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിലെ പ്രതിയെ പതിനൊന്നാം ദിനവും പിടികൂടാനാകാതെ പൊലീസ്. പൊലീസ് ശേഖരിച്ചിരുന്ന സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം ഇന്നലെ സി.ഡാക്കിന് കൈമാറിയിരുന്നു.
ശാസ്ത്രീയ പരിശോധനയിലൂടെ വാഹനനമ്പർ ഉൾപ്പടെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ആയിരത്തിലേറെ ഫോണ്‍ രേഖകളും പൊലീസ് പരിശോധിച്ചിരുന്നു. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടും പ്രതിയെ പിടികൂടാത്തതിൽ വ്യാപക വിമർശനമാണ് ഉയരുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും ചില സൂചനകളുണ്ടെന്നും മാത്രമാണ് അന്വേഷണ സംഘം അറിയിക്കുന്നത്.
എകെജി സെൻ്ററിലേക്ക് മോട്ടോർ ബൈക്കിലെത്തിയ ആൾ സ്ഫോടക വസ്തു എറിഞ്ഞിട്ട് 11 ദിവസം കഴിഞ്ഞു. അക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉടനടി കിട്ടിയെങ്കിലും പ്രതിയിലേക്ക് എത്താൻ കഴിയാതെ പൊലീസ് ഇരുട്ടിൽ തപ്പുകയാണ്. അൻപതോളം സിസിടിവി ദൃശ്യങ്ങളും ആയിരത്തിലേറെ ഫോണ്‍ രേഖകളും പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല.
















