കൊളംബോ: ആഭ്യന്തര കലാപം രൂക്ഷമായ ശ്രീലങ്കയിൽ പ്രക്ഷോഭകാരികൾ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ വീടിനു തീവച്ചു. വിക്രമസിംഗെയുടെ സ്വകാര്യവസതിക്കു നേരെയാണ് ആക്രമണം ഉണ്ടായത്. അദ്ദേഹത്തിന്റെ പിതാവ് പണികഴിപ്പിച്ച വീടായിരുന്നു ഇത്. പ്രക്ഷോഭം കാരണം സമയത്ത് എത്തിച്ചേരാൻ കഴിഞ്ഞില്ലെന്ന് അഗ്നിരക്ഷാ സേന പറയുന്നു.
നേരത്തെ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ വസതി പ്രക്ഷോഭകർ കയ്യേറിയിരുന്നു. പതിനായിരക്കണക്കിനു ജനങ്ങളാണ് പ്രസിഡന്റിന്റെ വസതിയിലേക്ക് ഇരച്ചുകയറിയത്. പോലീസ് ബാരിക്കേഡുകൾ ഭേദിച്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയ ജനക്കൂട്ടം ഇപ്പോഴും അവിടെ തുടരുകയാണ്.
ആഭ്യന്തര കലാപം രൂക്ഷമായ ശ്രീലങ്കയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള തീവ്രശ്രമത്തിലാണ് സര്‍ക്കാര്‍. പ്രസിഡന്റിന്റെ ഔദ്യോഗിക വസതി ഉള്‍പ്പെടെ പ്രക്ഷോഭകര്‍ കയ്യടക്കിയതോടെ സാമ്പത്തിക പ്രതിസന്ധിക്കൊപ്പം രാഷ്ട്രീയ പ്രതിസന്ധിയും രൂക്ഷമായി. പ്രശ്ന പരിഹാരത്തിനായി ശനിയാഴ്ച സ്പീക്കര്‍ മഹീന്ദ യപ അഭയ്വര്ധനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം നാല് സുപ്രധാന തീരുമാനങ്ങള്‍ കൈകൊണ്ടതായി യോഗത്തില്‍ പങ്കെടുത്ത പാര്‍ലമെന്റ് അംഗം ദുല്ലാസ് അലഹാപെരുമ ട്വീറ്റ് ചെയ്തു.
ഗോതബായ രാജിവച്ച് സ്പീക്കര്‍ യപ അഭയ്വര്‍ധന താല്കാലിക പ്രസിഡന്റാകണമെന്നാണ് സര്‍വകക്ഷി യോഗത്തിലെ തീരുമാനം. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ ഒരാഴ്ചയ്ക്കകം പാര്‍ലമെന്റ് വിളിച്ചുചേര്‍ക്കണം. അതേ ആഴ്ചയില്‍തന്നെ എല്ലാ പാര്‍ട്ടികളെയും പ്രതിനിധീകരിച്ച് ഒരു കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിക്കണമെന്നും യോഗത്തില്‍ തീരുമാനമായി. പ്രസിഡന്റ് ഗോതബായ കൂടി രാജിവയ്ക്കുന്നതോടെ ഇതിനുള്ള മറ്റുനടപടിക്രമങ്ങളിലേക്ക് ലങ്കന്‍ ഭരണകൂടം കടക്കും.
പ്രസിഡന്റ് ഗോതബായ രാജപക്സെയും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും ഉടന്‍ രാജിവെയ്ക്കണമെന്ന തീരുമാനമാണ് സര്‍വകക്ഷി യോഗത്തില്‍ ആദ്യമുണ്ടായത്. ഇതിന് പിന്നാലെ യോഗ തീരുമാനം മാനിച്ച് സര്‍ക്കാരിന്റെ തുടര്‍ച്ച ഉറപ്പാക്കാനും ജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്തും റനില്‍ വിക്രമസിംഗെ പ്രധാനമന്ത്രി പദം രാജിവച്ചിരുന്നു. അതേസമയം, പ്രക്ഷോഭകര്‍ ഔദ്യോഗിക വസതി വളഞ്ഞതോടെ കൊട്ടാരംവിട്ട പ്രസിഡന്റ് ഇതുവരെ രാജി പ്രഖ്യാപിച്ചിട്ടില്ല. സൈനിക കപ്പലില്‍ കടലില്‍ അഭയം പ്രാപിച്ച അദ്ദേഹം ഉടന്‍ രാജിവച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.