തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായാതോടെ ഡാമുകൾ 43 ശതമാനം നിറഞ്ഞു. സംസ്ഥാനത്തെ വലിയ ഡാമായ ഇടുക്കി 47 ശതമാനം നിറഞ്ഞു. ജൂണിൽ നിറയുമെന്നു പ്രതീക്ഷിച്ചതിന്റെ 90 ശതമാനം എല്ലാ ഡാമുകളിലുമായി ഈ ആഴ്ച നിറഞ്ഞു. ഇതോടെ വൈദ്യുതി ബോർഡ് പ്രതിസന്ധി ഘട്ടം തരണം ചെയ്തതായി വിലയിരുത്തി.
ഈ മാസവും ഓഗസ്റ്റിലും മഴ കുറയുമെന്നാണ് വൈദ്യുതി ബോർഡിന്റെ വിലയിരുത്തൽ. മഴ ശക്തമായതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുറഞ്ഞിട്ടുണ്ട്.
ഇടത്തരം വലിയ ഡാമായ കുറ്റ്യാടിയിൽ പ്രതീക്ഷിച്ചതിൽ കൂടുതൽ ജലം ഒഴുകിയെത്തി. കുറ്റ്യാടി 95 ശതമാനം നിറഞ്ഞു. എന്നാൽ തേരിയോട് 39 ഉം ആനയിറങ്കലിൽ 16 ശതമാനം മാത്രമേ നിറഞ്ഞിട്ടുളളൂ.
ചെറിയ ഡാമുകളിൽ ലോവർ പെരിയാർ നിറഞ്ഞു. പൊരിങ്ങലിൽ 68 ശതമാനവും നേര്യമംഗലത്ത് 81 ഉം ശതമാനം വീതം വെള്ളമുണ്ട്. ഇടത്തരം വലിയ ഡാമുകളിൽ നിന്ന് അഞ്ചും ചെറിയ ഡാമുകളിൽ നിന്ന് പത്തും മെഗാ യൂണിറ്റ് വൈദ്യുതി വീതം ദിവസവും ഉത്പാദിപ്പിക്കുന്നു.