കണ്ണൂർ: കെഎസ്ആര്‍ടിസി ഡിപ്പോ യാര്‍ഡ് ഉദ്ഘാടനത്തിനെത്തിയ ഗതാഗത മന്ത്രി ആന്റണി രാജുവിനെ തൊഴിലാളി സംഘടനകള്‍ ബഹിഷ്ക്കരിച്ചു. സിഐടിയു ഉള്‍പ്പടെയുള്ള തൊഴിലാളി സംഘടനകളാണ് മന്ത്രിയെ ബഹിഷ്ക്കരിച്ചത്.
തൊഴിലാളികൾക്ക് എതിരെ മന്ത്രി നടത്തുന്ന പ്രസ്താവനകളിൽ പ്രതിഷേധിച്ചായിരുന്നു ബഹിഷ്കരണം. നേതാക്കൾക്ക് എന്തെങ്കിലും അസൗകര്യം ഉണ്ടായിരിക്കുമെന്നും ബഹിഷ്കരണം ശ്രദ്ധയിൽപ്പെട്ടില്ലെന്നും ആന്റണി രാജു പറഞ്ഞു. പ്രശ്നമുണ്ടെങ്കില്‍ അവരുമായി ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാർ സുശീൽ ഖന്ന റിപ്പോർട്ട് നടപ്പിലാക്കുന്നതിൽ തൊഴിലാളി സംഘടനകൾക്ക് അതൃപ്തിയുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിംഗിൾ ഡ്യൂട്ടിയടക്കം നടപ്പാക്കേണ്ടി വരും. തൊഴിലാളി സംഘടനകളും ചില വിട്ടുവീഴ്ച നടത്തണം. ഈ രീതിയിൽ മുന്നോട്ട് പോകാനാവില്ല. ഭീമമായ നഷ്ടത്തിലാണ് കെഎസ്ആർടിസി. പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി നിർണായക പങ്കു വഹിക്കുമെന്നും ആന്റണി രാജു പറഞ്ഞു.
















