തിരുവനന്തപുരം: വയനാട്ടിൽ കൽപറ്റ ബൈപാസ് റോഡിന്റെ പ്രവൃത്തിയിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി. കെ.ആർ.എഫ്.ബി അസി. എഞ്ചിനീയർ, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവരെ സസ്പെൻഡ് ചെയ്തു. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് നടപടിക്ക് നിർദേശം നൽകിയത്.
കെ.ആർ.എഫ്.ബി പ്രൊജക്ട് ഡയറക്ടറോടും എക്സിക്യൂട്ടീവ് എഞ്ചിനീയറോടും വിശദീകരണം ചോദിക്കാനും തീരുമാനിച്ചു. തകർന്നുകിടക്കുന്ന റോഡിന്റെ പുനർനിർമാണം വൈകുന്നത് യാത്രക്കാർക്ക് വലിയ പ്രയാസമായിരുന്നു. നിർമ്മാണം ഉടൻ പൂർത്തിയാക്കായില്ലെങ്കിൽ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കാനും കളക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി.
ഇറോഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർഎസ് ഡെവലപ്പ്മെന്‍റ് കമ്പനിയാണ് രണ്ട് വർഷങ്ങൾക്ക് മുൻപ് കൽപ്പറ്റ ബൈപ്പാസ് നിർമാണം ഏറ്റെടുത്തത്. നിർമ്മാണം ഇഴഞ്ഞ് നീങ്ങിയതോടെ ആറ് മാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തീകരിച്ചില്ലെങ്കിൽ കരാർ റദ്ദാക്കി കരിമ്പട്ടികയിൽപെടുത്തുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സമയ ബന്ധിതമായി നിർമ്മാണം പൂർത്തിയാക്കാൻ കമ്പനിക്ക് സാധിച്ചില്ല.