കൊളംബോ: ശ്രീലങ്കന്‍ പ്രധാനന്ത്രി റനില്‍ വിക്രമസിംഗെ രാജിവെച്ചു. രാജ്യത്ത് ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ രാജി. രാജ്യത്തെ ജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് അധികാരമൊഴിയുന്നുവെന്ന് രാജി പ്രഖ്യാപിച്ചുകൊണ്ട് റനില്‍ വിക്രമസിംഗെ ട്വീറ്റ് ചെയ്തു. ഇടക്കാല സര്‍ക്കാരിന് തയ്യാറാണെന്നും സര്‍വ്വകക്ഷി സര്‍ക്കാർ രൂപീകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ ഔദ്യോഗിക വസതി കയ്യേറി സര്‍ക്കാരിനെതിരേയുള്ള പ്രക്ഷേഭം കനത്തതോടെയാണ് റനില്‍ വിക്രമസിംഗെ പദവി ഒഴിഞ്ഞത്. പ്രസിഡന്റ് ഗോതബായ രാജപക്‌സെയും ഉടന്‍ രാജിവെക്കുമെന്നാണ് സൂചന.
സാമ്പത്തിക പ്രതിസന്ധിയിൽ പൊറുതുമുട്ടിയ രാജ്യത്ത് ഇന്ന് ജനകീയ കലാപം നടന്നിരുന്നു. ഇന്ധനമോ ഭക്ഷണമോ ഇല്ലാതെ ദുരിതത്തിലായ ജനം പ്രസിഡന്റിന്റെ ഔദ്യോഗിക വസതി പിടിച്ചെടുത്തിരുന്നു. ആയിരക്കണക്കിന് പ്രക്ഷോഭകർ ഔദ്യോഗിക മന്ദിരത്തിലേക്ക് ഇരച്ചു കയറിയതോടെ പ്രസിഡന്റ് ഗോതബയ രജപക്സെ വസതി വിട്ടോടി. നാലേക്കർ വിസ്തൃതിയിൽ പരന്നു കിടക്കുന്ന പ്രെസിഡെന്റ്സ് പാലസ് പിടിച്ചെടുത്ത പ്രക്ഷോഭകർ അതിനുമുകളിൽ ദേശീയ പതാക ഉയർത്തി.
പൗരാവകാശ സംഘടനകളും യുവജന വിദ്യാർത്ഥി സംഘടനകളും ഇന്ന് കൊളംബോയിൽ പ്രതിഷേധ ദിനം ആഹ്വാനം ചെയ്തിരുന്നു. ഈ പ്രതിഷേധത്തിൽ അണിചേരാനായി ലങ്കയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും ദിവസങ്ങളായി ജനങ്ങൾ കൊളംബോയിലേക്ക് ഒഴുകുകയായിരുന്നു. സമരക്കാർ എത്തുന്നത് തടയാൻ പൊതുഗതാഗത സർവീസുകളിൽ ചിലത് നിർത്തിവെച്ചെങ്കിലും അതുകൊണ്ടൊന്നും ജനപ്രവാഹം തടയാനായില്ല. ഇരച്ചെത്തിയ പ്രക്ഷോഭകർ ഗോത്തബയ രജപക്സെ അധികാരമൊഴിയുക എന്ന മുദ്രാവാക്യവുമായി പ്രസിഡന്റിന്റെ വസതി ലക്ഷ്യമാക്കി നീങ്ങി. സൈന്യം റബർ ബുള്ളറ്റ് ഉപയോഗിച്ചും കണ്ണീർ വാതകം പ്രയോഗിച്ചും ജനങ്ങളെ തടയാൻ ശ്രമിച്ചത് വിഫലമായി.
അൻപതോളം പേർക്ക് പരിക്കേറ്റു. ചിലയിടങ്ങളിൽ സൈന്യവും പോലീസും ജനങ്ങൾക്കൊപ്പം പ്രക്ഷോഭത്തിൽ അണിചേർന്നു. ഗേറ്റും വാതിലും തകർത്ത സമരക്കാർ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് കയറി. സമരക്കാർ എത്തുന്നതിനും മണിക്കൂറുകൾക്കു മുൻപുതന്നെ പ്രസിഡന്റ് ഗോത്തബയ രജപക്സെ അംഗരക്ഷകരുടെ കാവലിൽ ഔദ്യോഗിക വസതി വിട്ടിരുന്നു.