കൊച്ചി : സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെതിരായ ഗൂഡാലോചനാക്കേസിൽ നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച്. ഷാജ് കിരണിന്റെ രഹസ്യ മൊഴിയെടുക്കും. പാലക്കാട് കോടതിയിൽ വെച്ചാണ് രഹസ്യമൊഴിയെടുക്കുക. ബുധനാഴ്ച വൈകിട്ട് 3ന് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിലെത്തി മൊഴി നൽകണമെന്നാണ് നിർദ്ദേശം. മുഖ്യമന്ത്രിയ്ക്കെതിരെ ഗൂഡാലോചന നടത്തിയെന്ന കേസിലാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.
നേരത്തെ ഷാജ് കിരൺ മുഖ്യമന്ത്രിക്ക് വേണ്ടി തന്നെ കാണാനെത്തിയെന്നും, ഭീഷണിപ്പെടുത്തി കേസിൽ നിന്നും ആരോപണങ്ങളിൽ നിന്നും പിന്മാറണമെന്നും ആവശ്യപ്പെട്ടുവെന്നുമെന്ന് സ്വപ്ന വാർത്താ സമ്മേളനത്തിൽ നേരത്തെ ആരോപിച്ചിരുന്നു. ഇയാളുമായുള്ള ഫോൺ സംഭാഷണവും സ്വപ്ന പുറത്ത് വിട്ടിരുന്നു. എന്നാൽ ഇതെല്ലാം ഷാജ് കിരൺ നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.