മലയാള സിനിമ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ സൂപ്പര്‍ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന നിർദേശവുമായി കേരള ഫിലിം ചേംബര്‍. 5 മുതല്‍ 15 കോടി രൂപ വരെയാണ് മുന്‍നിര താരങ്ങള്‍ പ്രതിഫലമായി വാങ്ങുന്നത്. അതിനാല്‍ മുന്‍നിര താരങ്ങള്‍ പ്രതിഫലം കുറച്ച് പ്രതിസന്ധി പരിഹരിക്കാന്‍ തയ്യാറാകണമെന്നാണ് ഫിലിം ചേംബറിന്റെ ആവശ്യം.
സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും താരങ്ങളുടെ പ്രതിഫലം വര്‍ധിപ്പിക്കുകയാണെന്ന് കേരള ഫിലിം ചേംബര്‍ പ്രസിഡന്റ് ജി.സുരേഷ് കുമാര്‍ പറഞ്ഞു. ഇത് നല്ല പ്രവണതയല്ലെന്നും ഇവിടെ എല്ലാവര്‍ക്കും ജീവിക്കണമെന്നും അദ്ദേഹം വിമര്‍ശിച്ചു.
യുവതാരങ്ങള്‍ പോലും 75 ലക്ഷം മുതല്‍ 2 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നുണ്ട്. പ്രധാന സഹതാരങ്ങളുടെ പ്രതിഫലം 15 മുതല്‍ 35 ലക്ഷം രൂപ വരെയാണ്. മുന്‍നിര നായികമാര്‍ 50 ലക്ഷം മുതല്‍ 1 കോടി രൂപ വരെ വാങ്ങുന്നുണ്ട്. യുവനായികമാരാണെങ്കില്‍ 15 മുതല്‍ 30 ലക്ഷം രൂപ വരെ പ്രതിഫലം വാങ്ങുന്നു. ഇത്തരത്തില്‍ മലയാള സിനിമയ്ക്ക് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് ഫിലിം ചേംബര്‍ പറയുന്നത്.
മലയാള സിനിമ മാത്രമല്ല ഇന്ത്യന്‍ സിനിമ ഒന്നാകെ പ്രതിസന്ധി നേരിടുകയാണെന്നും താരങ്ങള്‍ പ്രതിഫലം കുറയ്‌ക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞെന്നും ഫിലിം ചേംബര്‍ സെക്രട്ടറിയും നിര്‍മ്മാതാവുമായ സജി നന്ത്യാട്ട് വ്യക്തമാക്കി. ഫിയോക് പ്രസിഡന്റ് കെ.വിജയകുമാറും സൂപ്പര്‍ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന അഭിപ്രായമാണ് മുന്നോട്ടുവെച്ചത്.