ദീർഘകാലമായി തുടർന്ന ബന്ധം വഷളായതിന് പിന്നാലെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി. സഹപ്രവർത്തകയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ കേന്ദ്രസർക്കാർ അഭിഭാഷകനായ നവനീത് എൻ നാഥിന് ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് നവനീതിന് ജാമ്യം അനുവദിച്ചത്. വിവാഹ വാഗ്ദാനത്തിന്റെ പേരില്‍ മാത്രമുള്ള ശാരീരിക ബന്ധമാണ് ബലാത്സംഗക്കുറ്റത്തിന്റെ പരിധിയില്‍ വരുന്നത്. ബന്ധത്തിൽ കല്ലുകടിയുണ്ടായ ശേഷം ഉയർത്തുന്ന ആരോപണത്തെ ബലാത്സംഗമായി കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
വിദേശരാജ്യങ്ങളിൾ ഒന്നിച്ചു ജീവിച്ച് മാനസിക, ശാരീരിക ചേർച്ചകൾ മനസ്സിലാക്കിയശേഷം വിവാഹം കഴിക്കാമെന്നു തീരുമാനിക്കുന്ന യുവതീയുവാക്കളെ കാണാം. ചേർച്ചയില്ലെന്നു കണ്ടാൽ അവർ ബന്ധം ഉപേക്ഷിക്കും. ഒരാൾ ബന്ധം തുടരാമെന്നു വിചാരിക്കുമ്പോൾ മറ്റൊരാൾ വേണ്ടെന്നു വിചാരിക്കുന്ന സാഹചര്യങ്ങളുമുണ്ട്. ഈ സാഹചര്യങ്ങളെല്ലാം ബലാൽസംഗങ്ങളായി മാറുന്നില്ല. വാഗ്ദാനലംഘനമാകാം, എന്നാൽ ഇവ ബലാൽസംഗങ്ങളാകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. നവനീത് നാഥും സഹപ്രവര്‍ത്തകയും തമ്മില്‍ ദീര്‍ഘകാലത്തെ ബന്ധമുണ്ടായിരിന്നു. ഇടയ്ക്കുവച്ച് ബന്ധം പിരിഞ്ഞു. അതിന് ശേഷമാണ് ബലാത്സംഗ പരാതി ഉയർത്തിയത്. അടുപ്പത്തിലായിരുന്ന സമയത്ത് താൻ മറ്റാരെയും വിവാഹം കഴിക്കില്ലെന്ന് നവനീത് സഹപ്രവർത്തകയോട് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ യുവതി ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. എന്നാൽ ഇത് ബലാത്സംഗത്തിന്റെ പരിധിയില്‍ വരില്ലെന്ന നിരീക്ഷണത്തോടെയാണ് നവനീതിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.