‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കൂടുതല്‍ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേടായ മത്സ്യം വരുന്നുണ്ടോയെന്ന് കര്‍ശനമായി നിരീക്ഷിക്കും. പരിശോധനകളില്‍ വീഴ്ച ഉണ്ടോയെന്ന് കണ്ടെത്താന്‍ തിരുവനന്തപുരം അമരവിള, പൂവാര്‍ ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. പരിശോധനയില്‍ അമരവിള ചെക്ക് പോസ്റ്റില്‍ ലോറിയില്‍ കൊണ്ടുവന്ന ചൂരമീന്‍ നല്ലതും ചീത്തയും ഇടകലര്‍ത്തിയതായി കണ്ടെത്തി. അത് പിടിച്ചെടുത്തു നശിപ്പിക്കുന്നതിനായി നെയ്യാറ്റിന്‍കര നഗരസഭക്ക് കൈമാറിയിട്ടുണ്ട്. ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി അമ്പലപ്പുഴ, പുറക്കാട് മേഖലകളിലെ മത്സ്യ മൊത്തവ്യാപാര സ്ഥലങ്ങളില്‍ പരിശോധന നടത്തി. ആകെ 11 വാഹനങ്ങളും, മൂന്ന് കമ്മീഷന്‍ ഏജന്‍സികളിലും പരിശോധന നടന്നു. 16 സാമ്പിളുകള്‍ കിറ്റ് ഉപയോഗിച്ച് പരിശോധിച്ചു. ഉപയോഗ യോഗ്യമല്ലാത്ത 60 കിലോ അയല നശിപ്പിച്ചു. ഒരാള്‍ക്ക് നോട്ടീസ് നല്‍കി. അമരവിള, പൂവാര്‍ ചെക്ക്‌പോസ്റ്റുകളില്‍ കൂടി വന്ന 49 വാഹനങ്ങളില്‍ പരിശോധന നടത്തി. 15 വാഹനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷന്‍ ലൈസന്‍സ് ഇല്ലാത്തതിനാല്‍ തിരിച്ചയച്ചു. 70 കിലോഗ്രാം ചൂര മത്സ്യം നശിപ്പിച്ചു. 15 വാഹനങ്ങള്‍ക്ക് ലൈസന്‍സ് എടുക്കാന്‍ നോട്ടീസ് നല്‍കി. 39 മത്സ്യത്തിന്റെ സാമ്പിളുകള്‍ റാപ്പിഡ് ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തി. കെമിക്കല്‍ സാന്നിദ്ധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ല.