പാലക്കാട്: പാലക്കാട് തങ്കം ആശുപത്രിയിൽ അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തിൽ പാലക്കാട് ഡിഎംഒ പ്രാഥമിക റിപ്പോർട്ട് കൈമാറി. ആരോഗ്യമന്ത്രിക്കാണ് റിപ്പോർട്ട് നൽകിയത്. അമ്മയ്ക്കും കുഞ്ഞിനും ലഭിച്ച ചികിത്സ, പരിചരണം തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് നൽകിയത്. കൂടുതൽ പരിശോധനകൾക്ക് ശേഷം വിശദമായ റിപ്പോർട്ട് നൽകുമെന്ന് പാലക്കാട് ഡിഎംഒ അറിയിച്ചു. തങ്കം ആശുപത്രിയ്‌ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ പ്രകാരം നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരാശുപത്രിക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം ഉപയോഗിക്കുന്നത്.
അതേ സമയം, തങ്കം ആശുപത്രിക്ക് എതിരായ ആരോപണങ്ങൾ ആവർത്തിക്കുകയാണ് മരിച്ച ഐശ്വര്യയുടെ കുടുംബം. ഐശ്വര്യയുടെ ആരോഗ്യത്തെ കുറിച്ച് ആശുപത്രി അധികൃതര്‍ കൃത്യമായ വിവരങ്ങളൊന്നും നൽകിയില്ലെന്ന് ഭര്‍ത്താവ് വ്യക്തമാക്കി.