നടൻ ശിവാജി ഗണേശന്റെ സ്വത്തിനെ ചൊല്ലി കുടുംബത്തിനകത്ത് തർക്കം കനക്കുന്നു. സ്വത്ത് ഭാഗം വച്ചതിൽ വൻക്രമക്കേട് നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കി അദ്ദേഹത്തിന്റെ പെൺമക്കളാണ് ഇപ്പോൾ കേസ് കൊടുത്തിരിക്കുന്നത്. ശാന്തി നാരായണസ്വാമിയും രാജ്വി ഗോവിന്ദരാജനുമാണ് പരാതിക്കാർ. പ്രശസ്ത നടനും സഹോദരനുമായ പ്രഭുവിനും നിർമാതാവ് രാം കുമാർ ഗണേശിനുമെതിരെയാണ് ഇരുവരും കേസ് കൊടുത്തിരിക്കുന്നത്. അച്ഛന്റെ പേരിലുള്ള സ്വത്ത് മുഴുവൻ സഹോദരങ്ങൾ കൈക്കലാക്കിയെന്നാണ് പരാതി. നാല് മക്കളാണ് ശിവാജി ഗണേഷന്. അദ്ദേഹത്തിന്റെ പേരിലുള്ള ശിവാജി പ്രൊഡക്ഷൻസ് നോക്കി നടത്തുന്നത് പ്രഭുവും മൂത്തമകൻ രാം കുമാറുമാണ്.
എന്നാൽ, അച്ഛന്റെ മരണശേഷം എസ്റ്റേറ്റും മറ്റു സ്വത്തുക്കളും സഹോദരന്മാർ നോക്കി നടത്തുന്നതിൽ ശാന്തിക്കും രാജ്വിക്കും തുടക്കത്തിൽ ഒരു പ്രശ്നവുമില്ലായിരുന്നു. എന്നാൽ, പിൽക്കാലത്ത് തങ്ങളുടെ അനുവാദമില്ലാതെ ചില വസ്തുവകകൾ ഇരുവരും വിറ്റതായി വിവരം ലഭിച്ചതോടെയാണ് അവർ കോടതിയെ സമീപിപ്പിച്ചത്.82 കോടി രൂപ വിലമതിക്കുന്ന ശാന്തി തീയേറ്റേഴ്സ് അടുത്തിടെ സ്വന്തം മക്കളുടെ പേരിലേക്ക് പ്രഭു മാറ്റിയതായും സഹോദരിമാർ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ആകെ 270 കോടി രൂപയുടെ സ്വത്ത് ഗണേശന്റെ പേരിലുള്ളതായാണ് കണക്കാക്കുന്നത്.