ഹണിമൂൺ ആഘോഷം കഴിഞ്ഞു ചെന്നൈയിൽ മടങ്ങിയെത്തിയ നയൻതാരയും വിഘ്നേഷ് ശിവനും പുതിയ ബംഗ്ളാവിലേക്ക് താമസം മാറ്റാൻ ഒരുങ്ങുന്നു. ചെന്നൈ പോയ്സ് ഗാർഡനിലാണ് നയൻതാര വിഘ്നേഷ് ശിവന് സമ്മാനമായി നൽകിയ ബംഗ്ളാവ്. രജനികാന്താണ് പുതിയ വീടിന്റെ അയൽക്കാരൻ. വീടിന്റെ ഇന്റീരിയർ ഡിസൈൻ ജോലികൾ പുരോഗമിക്കുകയാണ്. ഇതിനായി വൻതുകയാണ് ചെലവഴിക്കുന്നത്. 16,500 സ്ക്വയർഫീറ്രാണ് കൊട്ടാര സമാനമായ വീട്. 20 കോടിയാണ് നിർമ്മാണചെലവ് . വീടിനുള്ളിൽ തിയേറ്റർ, സ്വിമ്മിംഗ് പൂൾ, ജിംനേഷ്യം എന്നിവയുണ്ട്. ബാത്ത്റൂമിന് മാത്രം 1500 ചതുരശ്ര അടി വിസ്തീർണം ഉണ്ടെന്നാണ് വിവരം. വൈകാതെ പുതിയ വീട്ടിലേക്ക് താമസം മാറാനാണ് നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും തീരുമാനം.
ഹൈദരാബാദിലും ചെന്നൈയിലും നയൻതാരയ്ക്ക് ബംഗ്ലാവുകളുണ്ട്. ഹൈദരാബാദിലെ ബംഗ്ളാവിന് 15 കോടി വരുമത്രെ. ചെന്നൈയിലെ മറ്റു രണ്ടു വീടുകൾക്കുമായി 100 കോടി വരുമെന്നാണ് വിവരം. അടുത്തിടെ വാങ്ങിയ ജെറ്റ് വിമാനത്തിലാണ് ഇപ്പോൾ ഹൈദരാബാദിലേക്കും കൊച്ചിയിലേക്കുമുള്ള യാത്രകൾ. അഞ്ചുകോടി രൂപയാണ് നയൻതാര വാങ്ങുന്ന പ്രതിഫലം. ഷാരൂഖ് ഖാൻ ചിത്രം ജവാനിലൂടെ ബോളിവുഡിലേക്കും ചേക്കേറിയിരിക്കുകയാണ് താരം.മുംബയ് യിൽ ജവാന്റെ ലൊക്കേഷനിലാണ് നയൻതാര. പൃഥ്വിരാജ് - അൽഫോൻസ് പുത്രൻ ചിത്രം ഗോൾഡ് ആണ് മലയാളത്തിൽ റിലീസിന് ഒരുങ്ങുന്ന നയൻതാര ചിത്രം. മലയാളത്തിലേക്ക് വീണ്ടും വരുന്നതും അൽഫോൻസ് പുത്രൻ ചിത്രത്തിൽ അഭിനയിക്കാനാണ്. പാട്ട് എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ ആണ് നായകൻ.