തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് ചിന്തന്‍ശിബിരിനിടെ സംസ്ഥാന എക്സിക്യുട്ടീവ് അംഗത്തിനെതിരായി പീഡന പരാതി കിട്ടിയിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്. സംസ്ഥാന കമ്മിറ്റിക്ക് പരാതി കിട്ടിയിട്ടില്ലെന്നും പരാതി ഉണ്ടെങ്കില്‍ കഴിയാവുന്ന എല്ലാ നിയമസഹായവും ചെയ്യുമെന്നും യൂത്ത് കോണ്‍ഗ്രസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. പരാതിയുടെ നിജസ്ഥിതിയെ കുറിച്ച് പറയേണ്ടത് പരാതിക്കാരിയാണ്. കുറ്റക്കാരനെങ്കില്‍ ആരെയും സംരക്ഷിക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസ് വിശദീകരിച്ചു.
ജില്ലാ നേതാവായ യുവതിയോട് സംസ്ഥാന നിര്‍വാഹക സമിതി അംഗമായ വിവേക് ആര്‍. നായര്‍ മദ്യപിച്ചെത്തി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. മദ്യപിച്ചെത്തിയ വിവേക് നായർ കിടക്ക പങ്കിടാൻ നിർബന്ധിച്ചു, സ്വകാര്യ ഭാഗത്ത് സ്പർശിച്ചു, തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് വനിതാ അംഗത്തിൻ്റെ കത്തിലുള്ളത്. ക്യാമ്പിലെത്തിയ മറ്റ് വനിതാ പ്രവര്‍ത്തകരോടും ഇയാള്‍ അപമര്യാദയായി പെരുമാറിയെന്നും യുവതി ദേശീയനേതൃത്വത്തിന് നല്‍കിയ പരാതിയില്‍ പറയുന്നു.
ചിന്തന്‍ ശിബിരത്തിനിടെ അമിതമായി മദ്യപിച്ചെത്തി അപമര്യാദയായി പെരുമാറിയ സംഭവത്തിന് പുറമെ സംസ്ഥാന വൈസ് പ്രസിഡന്റുമാരില്‍ ഒരാളോടും മോശമായി പെരുമാറിയിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് വിവേകിനെ ദിവസങ്ങള്‍ക്ക് മുമ്പ് സംഘടനയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്.
എന്നാല്‍, ഗുരുതരമായ ആരോപണം ഉയര്‍ന്നിട്ടും പരാതി കൈമാറാത്ത യൂത്ത് കോണ്‍ഗ്രസ് നടപടി വിമർശനവിധേയമായിട്ടുണ്ട്. പാലക്കാട്ടെ സി.പി.എം. നേതാവും എം.എല്‍.എയുമായിരുന്ന പി.കെ. ശശിക്കെതിരേ പീഡന പരാതി ഉയര്‍ന്ന ഘട്ടത്തില്‍ പൊലീസിന് കൈമാറാതിരുന്നതിനെ ഷാഫി പറമ്പില്‍ ചോദ്യം ചെയ്തിരുന്നു. ഇതേ ഷാഫി പറമ്പില്‍ സംസ്ഥാന അധ്യക്ഷനായ യൂത്ത് കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തില്‍ വെച്ചാണ് വനിതാ നേതാവ് സഹപ്രവര്‍ത്തകനെതിരെ ഗുരുതരമായ കുറ്റങ്ങള്‍ ആരോപിച്ച് പരാതി നല്‍കിയത് എന്നതാണ് ശ്രദ്ധേയം.
ഇക്കാര്യത്തില്‍ നേതൃത്വം പരാതിയുടെ കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല. മാത്രമല്ല അങ്ങനെയൊരു പരാതി ലഭിച്ചിട്ടേയില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പറയുന്നത്. എന്നാല്‍, പലവട്ടം മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് വിവേക് ആര്‍. നായര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നടപടിയെടുത്തതെന്ന് ഇതുസംബന്ധിച്ച ദേശീയ നേതൃത്വത്തിന്റെ കത്തില്‍ വ്യക്തമാക്കുന്നു.