തിരുവനന്തപുരം: സജി ചെറിയാന്റെ വിവാദ പ്രസംഗത്തിനെതിരായ പരാതിയിൽ പൊലീസ് കേസെടുത്തു. മല്ലപ്പള്ളിയിൽ പാർട്ടി പരിപാടിയിൽ വെച്ചാണ് ഭരണഘടനയെ അവഹേളിക്കുന്ന തരത്തിൽ മന്ത്രിയായിരിക്കെ സജി ചെറിയാൻ പ്രസംഗിച്ചത്. മന്ത്രി ഭരണഘടനയെ അവഹേളിച്ചെന്ന പരാതിയിൽ കേസെടുക്കണമെന്ന് തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പൊലീസിന് നിർദേശം നൽകിയിരുന്നു.
കോടതി നിർദേശിച്ചാൽ 24 മണിക്കൂറിനുള്ളിൽ കേസടുക്കണം. ഇതിനാലാണ് പൊലീസ് ഇന്ന് തന്നെ നടപടിയിലേക്ക് കടന്നത്. പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ടിലെ രണ്ടാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം പരിശോധിച്ച ശേഷമായിരുന്നു കീഴ്‌വായ്പൂർ പൊലീസിന്റെ നടപടി. വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ ഭരണഘടനയെ അവഹേളിക്കുന്നതിനെതിരായ വകുപ്പാണ് ഇത്.