ഡൽഹി: കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധിക്കെതിരായ വ്യാജ വീഡിയോ കേസിൽ യുപിയിൽ തുടരാൻ ഛത്തീസ്ഗഡ് പൊലീസിന് സംസ്ഥാന സർക്കാർ നിർദ്ദേശം നൽകി. ഛത്തീസ്‌ഗഡ് പൊലീസിനെ സഹായിക്കാതെ യുപി പൊലീസ് രാഷ്ട്രീയം കളിക്കുകയാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെൽ കുറ്റപ്പെടുത്തി. സീ ന്യൂസ് അവതാരകനായ രോഹിത് രഞ്ജനെ അറസ്റ്റ് ചെയ്യാനാവാത്തത് ഉത്തർപ്രദേശ് സർക്കാരിന്റെ ഇടപെടൽ കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ സീ ന്യൂസ് അവതാരകനായ രോഹിത് രജ്ഞൻ നല്‍കിയ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. രാഹുല്‍ഗാന്ധിയുടെ വ്യാജവീഡിയോ കേസില്‍ വിവിധയിടങ്ങളില്‍ കേസെടുത്തതോടെയാണ് രോഹിത് സുപ്രീം കോടതിയെ സമീപിച്ചത്. രോഹിത് രഞ്ജൻ ഒളിവിലാണെന്ന് ഇന്നലെ ഛത്തീസ്ഗഡ് പൊലീസ് പ്രഖ്യാപിച്ചിരുന്നു. യുപി പൊലീസ് രോഹിത് രഞ്ജനെ കസ്റ്റഡിയിലെടുത്ത് രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് ആരോപിച്ച് ഛത്തീസ്ഗഡ് പൊലീസ് മുതിര്‍ന്ന യുപി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.