തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസ്താവനയിൽ മന്ത്രി സ്ഥാനം രാജിവച്ച സജി ചെറിയാന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സജി ചെറിയാന്റെ രാജി സ്വാഗതാർഹമാണ്. എന്നാൽ അദ്ദേഹം വിവാദ പ്രസംഗത്തെ തള്ളിപ്പറയാത്തത് ദൗർഭാഗ്യകരമാണെന്ന് സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
എംഎൽഎ സ്ഥാനവും സജി ചെറിയാൻ രാജിവെക്കണം. അദ്ദേഹം ചെയ്തത് ക്രിമിനൽ കുറ്റമാണ്. പ്രസംഗത്തിൽ പോലീസ് കേസെടുത്തില്ലെങ്കിൽ കോൺഗ്രസ് നിയമവഴി തേടുമെന്നും സതീശൻ വ്യക്തമാക്കി.
സംഘപരിവാർ ഭരണഘടനയെ കുറിച്ച് പുലർത്തുന്ന ആശയങ്ങളോട് യോജിക്കുന്ന നിലപാടാണ് സജി ചെറിയാൻ സ്വീകരിച്ചതെന്നും അതിൽ അദ്ദേഹത്തിന് തെറ്റ് തോന്നുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
വിഷയത്തിൽ തന്നെ പാർട്ടി തള്ളിപ്പറഞ്ഞിട്ടില്ലെന്നാണ് സജി ചെറിയാൻ പറയുന്നതെന്നും അപ്പോൾ ഭരണഘടനയെയും നിർമാതാക്കളെയും അവഹേളിച്ചതിൽ പാർട്ടിക്ക് ഒരു പ്രശ്‌നവും തോന്നുന്നില്ലേയെന്നും വി.ഡി സതീശൻ ചോദിച്ചു. സജി ചെറിയാനെന്ന വ്യക്തിയോടല്ല തങ്ങൾക്ക് പ്രശ്‌നമെന്നും ഭരണഘടനയെ നിന്ദിച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരണഘടനയെ തളളിപ്പറഞ്ഞ ആൾ എം.എൽ.എ സ്ഥാനം കൂടി രാജി വെക്കുന്നതാണ് ഉചിതമെന്നും പ്രസംഗത്തിനെതിരെ കേസെടുക്കണമെന്നും നിയമം എല്ലാവർക്ക് ഒരു പോലെയാണെന്നും അദ്ദേഹം പറഞ്ഞു. മൗനം പാലിക്കുകയെന്ന സ്ഥിരം ആയുധം മുഖ്യമന്ത്രി പിണറായി വിജയൻ പ്രയോഗിച്ചുകൊണ്ടിരിക്കുകയാണെന്നും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തില്ലേങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും സതീശൻ വ്യക്തമാക്കി. വിഷയത്തിൽ മുഖ്യമന്ത്രിയുടേയും പാർട്ടിയുടെയും നിലപാടാണ് അറിയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.