കടുവ സിനിമയിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേരായി കുറുവച്ചൻ എന്നതിനു പകരം മറ്റൊരു പേര് ഉപയോഗിക്കണമെന്ന് സെൻസര്‍ ബോർഡ്. കടുവ എന്ന സിനിമ, പരാതിക്കാരനായ കുരുവിനാക്കുന്നേൽ കുറുവച്ചന്റെ ജീവിതത്തിന്റെ യഥാർഥ ചിത്രീകരണമാണെന്നു പറയാൻ കഴിയില്ലെന്നും പരാതിക്കാരനെ മോശമായി ചിത്രീകരിക്കുന്നതൊന്നും സിനിമയില്‍ ഇല്ലെന്നും സെൻസർ ബോർഡിന്റെ ഉത്തരവിൽ പറയുന്നു.
ജൂലൈ ഏഴിന് ചിത്രം കേരളത്തിൽ റിലീസ് ചെയ്യും. നിയമപോരാട്ടത്തിനൊടുവിലാണ് പൃഥ്വിരാജിന്റെ കടുവക്ക് സെൻസർ ബോർഡ് അന്തിമവിധി പറഞ്ഞത്. സിനിമ നിലവിലെ രൂപത്തില്‍ റിലീസ് ചെയ്താല്‍ തന്നെയും കുടുംബത്തെയും അപകീര്‍ത്തി പ്പെടുത്തുന്നതാകും എന്നു ചൂണ്ടിക്കാട്ടി പാലാ സ്വദേശിയും പ്ലാന്ററും കേരള കോണ്‍ഗ്രസ് (ജെ) നേതാവുമായ ജോസ് കുരുവിനാക്കുന്നേല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. സിനിമയിൽനിന്ന് ഒരു രംഗം പോലും ഒഴിവാക്കിയിട്ടില്ലെന്നും സെൻസര്‍ ബോർഡിന് കാണാൻ കൊടുത്ത അതേ കോപ്പി തന്നെയാണ് തിയറ്ററുകളിലും റിലീസ് ചെയ്യുന്നതെന്നും കടുവയുടെ തിരക്കഥാകൃത്ത് ജിനു ഏബ്രഹാം പറഞ്ഞു.