കനത്ത മഴയെ തുടർന്ന് ഇടുക്കിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇടുക്കിയിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ ഇൻറർവ്യൂ എന്നിവക്ക് മാറ്റമില്ല.
അതെ സമയം ഇടുക്കിയിലെ ഉയർന്ന പ്രദേശങ്ങളിൽ ഇപ്പോഴും മഴ ശക്തമാണ്. കനത്ത മഴയെ തുടർന്ന് കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിഞ്ഞും മരം കടപുഴകി വീണും പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. മരം വീണ് മൂന്നു പേർ മരിച്ചതോടെ തോട്ടങ്ങളിൽ തൊഴിലാളികളെ പണിയെടുപ്പിക്കുന്നത് കളക്ടർ നിരോധിച്ചു.
കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.