കണ്ണൂർ: സ്കൂളിലേക്ക് രാവിലെ വീട്ടിൽ നിന്നും വാനിൽ പുറപ്പെട്ട പതിനൊന്നുകാരിയെ കാണാനില്ല. ഒടുവിൽ കാമുകനൊപ്പം തിയറ്ററിൽ കണ്ടെത്തി.
കണ്ണൂർ സിറ്റി സ്റ്റേഷൻ പരിധിയിലെ സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിനിയെയാണ് ചൊവ്വാഴ്ച രാവിലെ മുതൽ കാണാതായത്. മണിക്കൂറുകളോളം അധ്യാപകരും കണ്ണൂർ സിറ്റി പോലീസും നടത്തിയ തെരച്ചിലിലാണ് കണ്ണൂരിലെ തിയറ്ററിൽ നിന്ന് കാമുകനൊപ്പം കണ്ടെത്തിയത്.
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയായ 16 കാരനൊപ്പമാണ് വിദ്യാർഥിനി പോയത്. തീയേറ്ററിലെ ടോയ്ലറ്റിൽ വച്ച് യൂണിഫോം മാറുകയും കൈയിൽ കരുതിയിരുന്ന മറ്റൊരു വസ്ത്രവും ധരിച്ച് സിനിമ കാണുവാൻ കയറി.
വിദ്യാർഥിനി സ്കൂളിന്റെ മുൻപിൽ വാൻ ഇറങ്ങുന്നത് ക്ലാസിലെ ഒരു വിദ്യാർഥിനി കണ്ടതാണ് പ്രശ്നമായത്. വിദ്യാർഥിനിയെ വാൻ ഇറങ്ങുന്നത് കണ്ടെന്ന് അധ്യാപികയോട് പറയുകയും വാൻ ഡ്രൈവറുമായി സംസാരിച്ചപ്പോൾ കുട്ടി വാനിൽ വന്നതായും കണ്ടെത്തി. സ്കൂളിലെത്തിയ ഈ വിദ്യാർഥിനിക്ക് എന്താണ് സംഭവിച്ചതെന്ന് അറിയാതെ അധ്യാപകരും ആശങ്കയിലായി. ഒടുവിൽ കണ്ണൂർ സിറ്റി പോലീസിൽ പരാതി നൽകുകയായിരുന്നു.
പോലീസും പിടിഎ അംഗങ്ങളും മണിക്കൂറുകളോളം നടത്തിയ തെരച്ചിലിലാണ് വിദ്യാർഥിനിയെ 16 കാരനൊപ്പം തീയേറ്ററിൽ വച്ച് കണ്ടെത്തിയത്. ഇരുവരെയും പോലീസ് കേസെടുക്കാതെ മാതാപിതാക്കൾക്കൊപ്പം പറഞ്ഞയച്ചു.