തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരായ പ്രസ്താവനയെ ന്യായീകരിച്ച് വീണ്ടും മന്ത്രി സജി ചെറിയാൻ. പ്രസംഗത്തിൽ താൻ ഭരണഘടനയെയല്ല, ഭരണകൂടത്തെയാണ് വിമർശിച്ചത്. അതൊരു കുട്ടനാടൻ ഭാഷയിലെ പ്രയോഗമാണ് നടത്തിയതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
താനൊരു മന്ത്രി മാത്രമല്ല, രാഷ്ട്രീയക്കാരനും കൂടിയാണ്. ഈ വിവാദത്തിൽ രാജിവയ്ക്കേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
നേരത്തെ, തന്റെ പരാമർശത്തെ ചൊല്ലിയുള്ള വാർത്തകൾ മാധ്യമങ്ങൾ വളച്ചൊടിച്ചവയാണെന്ന് സജി ചെറിയാൻ പ്രതികരിച്ചിരുന്നു. തന്റെ പരാമർശം ദുർവ്യാഖ്യാനിച്ചതിൽ ദുഃഖമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കാര്യങ്ങൾ തന്റേതായ ശൈലിയിൽ അവതരിപ്പിക്കുകയാണുണ്ടായത്. ഭരണഘടനയെ ബഹുമാനിക്കുന്നയാളാണ് താനെന്നും ഭരണഘടന വിഭാവനം ചെയ്യുന്ന ആശയങ്ങൾ നടപ്പിലാകുന്നില്ലെന്നുമാണ് താൻ പറഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയെന്നാണ് നേരത്തേ സജി ചെറിയാൻ വിമര്‍ശനം നടത്തിയത്. ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഭരണഘടന ഇന്ത്യക്കാരൻ എഴുതി വച്ചു. കൂട്ടത്തിൽ മതേതരത്വം, ജനാധിപത്യം തുടങ്ങിയ കുന്തവും കുടച്ചക്രവുമെക്കെ എഴുതി വച്ചു. തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. മല്ലപ്പള്ളിയിൽ ഞായറാഴ്ച സി പി എം പരിപാടിയിലായിരുന്നു മന്ത്രിയുടെ പരാമർശം.
ഭരണഘടനയെ അവഹേളിക്കുന്ന പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന്റെ രാജിയിൽ കുറഞ്ഞൊരു വിട്ടുവീഴ്ചക്കുമില്ലെന്ന് ഉറപ്പിച്ച് പ്രതിപക്ഷം പ്രതിഷേധവുമായി മുന്നോട്ട് പോവുകയാണ്. നിയമസഭയ്ക്കക് അകത്തും പുറത്തും വിഷയം ആളിക്കത്തിക്കാനാണ് പ്രതിപക്ഷ നീക്കം. യൂത്ത് കോൺഗ്രസ് രാഷ്ട്രപതിക്കും ഗവർണർക്കും പരാതി നൽകി. ബിജെപി ഗവർണറെ നേരിട്ട് കണ്ട് പരാതി അറിയിച്ചു.