തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനയെ വിമർശിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസംഗം ഗുരുതരമെന്ന് സിപിഐ. സജി ചെറിയാന്റെ പ്രസംഗത്തിൽ കടുത്ത വിയോജിപ്പ് അറിയിച്ച സിപിഐ, ഭരണഘടനയ്ക്കെതിരായ പരാമര്‍ശം ഗുരുതരവും അനുചിതവുമാണെന്നു വിലയിരുത്തി. ആരെങ്കിലും കോടതിയെ സമീപിച്ചാൽ തിരിച്ചടിയുണ്ടാകുമെന്നും സിപിഐ ചൂണ്ടിക്കാട്ടി.
വിവാദത്തിൽ മുഖ്യമന്ത്രിയെ സമ്മർദ്ദത്തിലാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. വിഷയം താൻ അറിഞ്ഞത് മണിക്കൂറുകൾ മുമ്പാണെന്ന് പറഞ്ഞ അദ്ദേഹം വിഷയത്തിൽ മുഖ്യമന്ത്രി ഭരണഘടന മൂല്യം ഉയർത്തിപിടിക്കുമെന്നാണ് വിശ്വാസമെന്നും പറഞ്ഞു. മന്ത്രി മാപ്പ് പറഞ്ഞതായി താൻ അറിഞ്ഞിട്ടില്ല. മുഖ്യമന്ത്രി തന്നെ മന്ത്രിയോട് വിശദീകരണം തേടിയതായി അറിഞ്ഞു. ഭരണഘടനാ പ്രകാരമുളള സത്യപ്രതിജ്ഞ ചെയ്താണ് മന്ത്രിമാർ അധികാരത്തിലേറുന്നതെന്നും ഗവർണർ ഓർമ്മിപ്പിച്ചു.
പത്തനംതിട്ട മല്ലപ്പള്ളിയിൽ നടന്ന പരിപാടിക്കിടെയാണ് മന്ത്രി ഗുരുതര പരാമർശം നടത്തിയത്. രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പരാമർശം വിവാദമായതിനു പിന്നാലെ ഭരണഘടനയെ ആക്ഷേപിച്ചിട്ടില്ലെന്ന് മന്ത്രി നിയമസഭയില്‍ വിശദീകരിച്ചിരുന്നു. സിപിഎം നേതൃത്വം മന്ത്രിയെ സംരക്ഷിക്കുന്ന നിലപാട് കൈക്കൊണ്ടതിനു പിന്നാലെയാണ് സിപിഐ വിമർശനവുമായി രംഗത്തെത്തിയത്.
അതിനിടെ മല്ലപ്പള്ളിയിലെ പ്രസംഗത്തിൽ താൻ ഭരണഘടനയെയല്ല വിമർശിച്ചതെന്ന് ആവർത്തിക്കുകയാണ് മന്ത്രി സജി ചെറിയാൻ. ഭരണകൂടത്തെയാണ് താൻ വിമർശിച്ചത്. മന്ത്രി മാത്രമല്ലെന്നും താൻ രാഷ്ട്രീയക്കാരനാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനക്ക് എതിരെ പറഞ്ഞിട്ടില്ല. കുട്ടനാടൻ ഭാഷയിലെ പ്രയോഗമാണ് നടത്തിയത്. ഈ വിവാദത്തിൽ രാജി വെക്കേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.