തിരുവനന്തപുരം: പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജ് പ്രതിയായ പീഡനക്കേസിലെ പരാതിക്കാരി റിട്ട. ജസ്റ്റിസ് കെമാൽ പാഷയ്ക്കെതിരെ പരാതി നൽകി. പി.സി.ജോർജിനു ജാമ്യം ലഭിക്കാൻ കെമാൽ പാഷ ഇടപെട്ടെന്നും, ജാമ്യം അനുവദിച്ച മജിസ്ട്രേറ്റുമായി കെമാൽ പാഷയ്ക്ക് അടുത്ത ബന്ധം ഉണ്ടെന്നും ഡിജിപിക്കു നൽകിയ പരാതിയിൽ ആരോപിക്കുന്നു.
പി.സി.ജോർജിനു ജാമ്യം ലഭിച്ച ദിവസവും പിറ്റേന്നും കെമാൽ പാഷ മാധ്യമങ്ങളിൽ നടത്തിയ പരാമർശങ്ങൾ സംശയകരമാണെന്ന് പരാതിക്കാരി ചൂണ്ടിക്കാട്ടി. കേസിൽ ജാമ്യാപേക്ഷ പരിഗണിച്ചതു മുതലുള്ള കെമാൽ പാഷയുടെ ഫോൺ രേഖകൾ പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
ഗൂഢാലോചനയ്ക്ക് ഐപിസി 120 (ബി) പ്രകാരം കെമാൽ പാഷയ്‌ക്കെതിരെ കേസെടുക്കണമെന്ന് പരാതിക്കാരി ഡിജിപി അനിൽ കാന്തിനോട് ആവശ്യപ്പെട്ടു.
പീഡന പരാതിയിൽ പിസി ജോർജിനെ ജാമ്യത്തിൽ വിട്ടതിനെ നിയമപരമായി നേരിടുമെന്ന് പരാതിക്കാരി വ്യക്തമാക്കിയിരുന്നു. ഇന്ന് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് പരാതിക്കാരി അറിയിച്ചിരുന്നത്. സ്ത്രീയെന്ന പരിഗണന നൽകാതെയാണ് ജാമ്യം. പി സി ജോർജിനെതിരായ പരാതിയിൽ രാഷ്ട്രീയമില്ലെന്നും പരാതിക്കാരി വ്യക്തമാക്കി. പി.സി ജോർജിനെതിരെ ദുർബലമായ വകുപ്പുകളാണ് പൊലീസ് ചുമത്തിയത്. കേസിൽ പുതിയ രഹസ്യമൊഴി നൽകും. പ്രതിയെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും പരാതിക്കാരി പറഞ്ഞു.