സിനിമാപ്രേമികൾക്ക് വ്യത്യസ്തമായ ദൃശ്യ വിരുന്നൊരുക്കി ‘രണ്ട് രഹസ്യങ്ങ’ളുടെ ആദ്യ കാരക്ടർ ടീസർ പുറത്തിറങ്ങി. അൻവർ റഷീദ്, ലിജോ ജോസ് പല്ലിശ്ശേരി, ബേസിൽ ജോസഫ്, വിനയ് ഫോർട്ട് എന്നിവരുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് വഴിയാണ് ടീസർ റിലീസ് ചെയ്തത്. സ്പാനിഷ്, ഇറ്റാലിയൻ താരം ആൻഡ്രിയ റവേറ മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ്. വ്യത്യസ്തമായ രണ്ട് കഥകളാണ് ചിത്രത്തിനാധാരം. നവാഗതരായ അജിത്കുമാർ രവീന്ദ്രനും അർജുൻ ലാലുമാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹച്ചിരിക്കുന്നത്. അജിത് കുമാർ തിരക്കഥയും സംവിധാനം നിർവഹിച്ച കരികാലൻ, അർജുൻ ലാൽ തിരക്കഥയും സംവിധാനവും നിർവഹിച്ച കല്യാണിപ്പണിക്കത്തി എന്നീ ചിത്രങ്ങൾ കോർത്തിണക്കിയാണ് രണ്ട് രഹസ്യങ്ങൾ പുറത്തിറക്കുന്നത്.
രണ്ടുപേരുടെ മനസിലുള്ള രഹസ്യങ്ങളാണ് സിനിമയിലൂടെ പറയുന്നത്. ശേഖർ മേനോൻ (ഡി.ജെ. ശേഖർ), വിജയ്കുമാർ പ്രഭാകരൻ, നിസ്താർ സേട്ട്, രാജേഷ് ശർമ, ജയശങ്കർ, ബാബു തളിപ്പറമ്പ്, പട്ടാളം അഭിലാഷ്, ഹരീഷ് പേങ്ങൻ, ബിനോയ് നമ്പാല, ഷൈൻ ജോർജ്, പാരിസ് ലക്ഷ്മി, ദിവ്യ ഗോപിനാഥ് തുടങ്ങിയവരാണ് ചിത്രത്തിലുള്ളത്.സംഗീതം സി.ടി. വിശ്വജിത്, ടീസർ റെജിൻ വി. ആർ എന്നിവർ നിർവഹിച്ചിരിക്കുന്നു. വൺലൈൻ മീഡിയ, എരിവും പുളിയും പ്രൊഡക്ഷൻസ്, വാമ എന്റർടൈൻമെന്റ് എന്നിവയുടെ ബാനറിൽ വിജയ്‌കുമാർ പ്രഭാകരൻ, അജിത്കുമാർ രവീന്ദ്രൻ, സക്കീർ അലി എന്നിവർ ചേർന്നാണ് നിർമ്മാണം.ഹൈഹോപ്‌സ് ഫിലിം ഫാക്ടറിയുടെ ബാനറിൽ ബോണി അസനാർ, റോബിൻ തോമസ്, സോണിയൽ വർഗീസ് എന്നിവരാണ് സഹ നിർമ്മാതാക്കൾ.