തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയത്തിൽ മുഖ്യമന്ത്രി ഉചിതമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗവർണർ പറഞ്ഞു. നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും ഗവർണർ പറഞ്ഞു.
ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. മന്ത്രിയിൽ നിന്നും മുഖ്യമന്ത്രി വിശദീകരണം തേടിയിട്ടുണ്ട്. തുടർനടപടി വിലയിരുത്തിയ ശേഷം വിഷയത്തിൽ ഇടപെടും. ഭരണഘടന ദേശീയ വിശ്വാസത്തിന്റെ പ്രതീകമാണ്. ഭരണഘടനയോട് എല്ലാവരും കൂർ പുലർത്തുമെന്ന് വിശ്വസിക്കുന്നു. ഭരണഘടനയെ അനുസരിക്കുക എന്നത് പൗരന്മാരുടെ കർത്തവ്യമാണെന്നും ഗവർണർ പറഞ്ഞു.
രാജ്ഭവൻ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ ചോദിച്ചതായി അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിയുടെ പ്രസംഗം അനുചിതമായെന്നാണ് എൽഡിഎഫ് ഘടകക്ഷിയായ സിപിഐയുടെ വിലയിരുത്തൽ. മന്ത്രിയുടെ പരാമർശങ്ങൾ ഗുരുതരമാണെന്നും വിഷയം കോടതിയിലെത്തിയാൽ തിരിച്ചടിക്ക് സാധ്യതയുണ്ടെന്നും സിപിഐ വ്യക്തമാക്കി.