തിരുവനന്തപുരം: കൈരളി ടി.വി സീനിയർ റിപ്പോർട്ടർ എസ് ഷീജയോട് അപമര്യാദയായി പെരുമാറിയതിന് ജനപക്ഷം നേതാവ് പി.സി ജോർജിനെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐ.പി.സി 509 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
മൂന്നു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. തൈക്കാട് ഗസ്റ്റ്ഹൗസിനു മുന്നിലെ ജോർജിന്റെ മോശം പരാമർശത്തിനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തിരിക്കുന്നത്.
പി സി ജോര്‍ജ് പീഡനക്കേസില്‍ അറസ്റ്റിലായ ശേഷം തൈക്കാട് ഗസ്റ്റ് ഹൗസില്‍ നിന്ന് പുറത്തുവന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു മാധ്യമപ്രവർത്തകയെ അപമാനിച്ചത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലായിരുന്നു മുൻ എം.എൽ.എ ജോര്‍ജിന്റെ പ്രതികരണം.
ചോദ്യം ചോദിച്ചപ്പോള്‍ പിസി ജോര്‍ജ് മോശമായി പെരുമാറുകയായിരുന്നു. പീഡനത്തിനിരയായ സ്ത്രീയുടെ പേര് പറയുന്നത് തെറ്റല്ലേ എന്നായിരുന്നു മാധ്യമപ്രവർത്തകയുടെ ചോദ്യം. ഇതിന് മറുപടിയായി തന്റെ പേര് പറയട്ടെ എന്നാണ് ജോർജ് തിരിച്ച് ചോദിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിക്കും. ഇതിന് ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുക.