ഡൽഹിയിൽ നിന്ന് ദുബായിലേയ്ക്ക് പറന്ന സ്‌പൈസ്‌ജെറ്റ് ബി737 വിമാനം സാങ്കേതിക പിഴവുകൾ മൂലം പാകിസ്ഥാനിലെ കറാച്ചിയിൽ ഇറക്കി. യാത്രക്കാരെ സുരക്ഷിതമായി ഇറക്കിയെന്നും അടിയന്തര പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും എയർലൈൻസ് അറിയിച്ചു. ‘സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടത് കൊണ്ടാണ് കറാച്ചിയിൽ ഇറക്കിയത്. അടിയന്തരമായി ഇറക്കിയതല്ല. വിമാനം സുരക്ഷിതമായാണ് ലാൻഡിംഗ് നടത്തിയത്. യാത്രക്കാരെ കറാച്ചിയിൽ നിന്നും ദുബായിൽ എത്തിക്കാൻ മറ്റൊരു വിമാനം പുറപ്പെട്ടിട്ടുണ്ട്’- എയർലൈൻസ് വക്തമാവ് അറിയിച്ചു.
ജെറ്റിന്റെ ചിറകിലെ ടാങ്കുകളിലൊന്നിൽ ഇന്ധന ചോർച്ച ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് വിമാനം കറാച്ചിയിൽ ഇറക്കിയതെന്ന് ഡിജിസിഎ ഏവിയേഷൻ റെഗുലേറ്റർ വ്യക്തമാക്കി. കഴിഞ്ഞ മാസം ഏവിയേഷൻ റെഗുലേറ്റർ സ്‌പൈസ്‌ജെറ്റിന്റെ സുരക്ഷാ ഓഡിറ്റ് നടപ്പിലാക്കുകയും പരിശോധനകൾ നടത്തുകയും ചെയ്തിരുന്നു.