സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരായി. കെ.ടി.ജലീലിന്റെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചന കേസില്‍ ആണ് ക്രൈം ബ്രാഞ്ചിന് മുന്നിൽ സ്വപ്ന ഹാജരായത്. കേസുമായി ബന്ധപ്പെട്ട് രണ്ട് തവണ ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയെങ്കിലും ഇഡിയുടെ ചോദ്യം ചെയ്യല്‍ ചൂണ്ടിക്കാട്ടി സ്വപ്ന ഹാജരായിരുന്നില്ല.
ഗൂഢാലോചന കേസില്‍ സ്വപ്ന സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇത് തള്ളിയാല്‍ അറസ്റ്റുണ്ടായേക്കും. എന്നാല്‍ അറസ്റ്റിനെ ഭയക്കുന്നില്ലെന്ന് സ്വപ്ന സുരേഷ് പ്രതികരിച്ചു.
അതേസമയം രഹസ്യമൊഴി പിന്‍വലിക്കാന്‍ ഇടപെട്ടു എന്ന് സ്വപ്ന ആരോപിച്ച ഷാജ് കിരണ്‍ ചോദ്യം ചെയ്യലിനായി ഇന്ന് ഇഡിയ്ക്ക് മുന്നില്‍ ഹാജരായി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇഡിയ്ക്ക് കൈമാറുമെന്ന് ഷാജ് കിരണ്‍ പറഞ്ഞു.