ഭരണഘടനയ്ക്കെതിരായ മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിനെതിരെ പ്രതിപക്ഷ നേതാവ്. സജി ചെറിയാൻ രാജിവെയ്ക്കണമെന്ന് നിയമസഭയിൽ ആവശ്യപ്പെടുമെന്ന് വിഡി സതീശൻ പറഞ്ഞു. മന്ത്രി രാജിവെച്ചില്ലെങ്കിൽ അദ്ദേഹത്തിനെതിരെ നിയമപരമായി നീങ്ങും.
സജി ചെറിയാൻ ഭരണഘടനാ ശിൽപ്പിയെ അപമാനിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സർക്കാരിന് വിഭ്രാന്തിയും വെപ്രാളവും ഭീതിയുമാണെന്ന് വി.ഡി സതീശൻ പറഞ്ഞു.
സംസ്ഥാന സർക്കാരിന് ഇത്എന്ത് പറ്റിയെന്നും വിഡി സതീശൻ ചോദിച്ചു. എകെജി സെന്റർ ആക്രമണം, പിസി ജോർജിന്റെ അറസ്റ്റ്, അടുത്തത് സജി ചെറിയാന്റെ പരാമർശവും എല്ലാം വിഷയം മാറ്റാനാണ് സർക്കാരിന്റെ ശ്രമമെന്നും സതീശൻ ആരോപിക്കുന്നത്.
അതേസമയം , ഭരണഘടനയ്ക്കെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസംഗം ഗുരുതരമായ സത്യപ്രതിഞ്ജാ ലംഘനമാണെന്നും അദ്ദേഹത്തെ മന്ത്രി സഭയിൽ നിന്നും പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നുമാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടത് . ഇന്ത്യൻ ഭരണഘടന ചൂഷണത്തിനുള്ള അവസരമൊരുക്കുന്നതാണെന്ന് പറഞ്ഞയാൾക്ക് ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാൻ അവകാശമില്ലെന്ന് സുരേന്ദ്രന്‍ പ്രസ്താവനയിൽ പറഞ്ഞു.