ആവിക്കൽ മലിനജല പ്ലാന്റിന് എതിരെ നടക്കുന്ന സമരത്തിന് പിന്നിൽ പ്രവർത്തിക്കുന്നത് തീവ്രവാദ വിഭാഗങ്ങളെന്ന് മന്ത്രി എംവി ഗോവിന്ദൻ. കോഴിക്കോട് ആവിക്കൽ തോടിന് സമീപം മാലിന്യ നിർമാർജന പ്ലാന്റ് സ്ഥാപിക്കുന്നതിനിടെ നടക്കുന്ന സമരം ചർച്ച ചെയ്യണമെന്നും പദ്ധതിയിൽ നാട്ടുകാർ പ്രകടിപ്പിക്കുന്ന ആശങ്ക കാണണമെന്നും ചൂണ്ടിക്കാട്ടി എകെ മുനീർ അവതരിപ്പിച്ച പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു എംവി ഗോവിന്ദൻ. എസ്ഡിപിഐയും ജമാഅത്ത് ഇസ്ലാമിയയുമാണ് സമരം നടത്തുന്നതെന്ന് മന്ത്രി പറഞ്ഞത്. പദ്ധതി പരിസ്ഥിതി നാശം ഉണ്ടാക്കില്ലെന്നും ജനജീവിതത്തെ ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.
പദ്ധതിയിൽ നിന്നും ഒരിക്കലും പിന്നോട്ടില്ലെന്നും പറഞ്ഞ മന്ത്രി ആവിക്കൽ മാലിന്യപ്ലാന്റ് മൂലം പരിസരവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാവുകയില്ലെന്ന് വ്യക്തമാക്കി. കേന്ദ്രീകൃത പ്ലാന്റുകൾ അനിവാര്യമാണ്. അടുത്ത മാർച്ചിനകം പദ്ധതി പൂർത്തിയാക്കിയില്ലെങ്കിൽ അമൃത് ഫണ്ട് നഷ്ടമാകും. പ്രദേശത്ത് പോലീസിന് ഇടപെടേണ്ടി വരുന്നത് വലിയ തോതിലുള്ള സംഘർഷം രൂപപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണെന്നും മന്ത്രി പറഞ്ഞു.
എന്നാൽ ആരെങ്കിലും സമരം ചെയ്താൽ അവരെ തീവ്രവാദികളാക്കുന്നത് ശരിയായ നടപടിയല്ലെന്ന് പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞത്.
















