ജനങ്ങളെ കൊളളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്ന വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാന്. മല്ലപ്പള്ളിയിലെ ഒരു സിപിഐഎം പരിപാടിയിലായിരുന്നു മന്ത്രിയുടെ പരാമര്‍ശങ്ങള്‍. ഭരണഘടന തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ സഹായിക്കുന്നുവെന്നും തൊഴിലാളികള്‍ക്ക് ഭരണഘടന സംരക്ഷണം നല്‍കുന്നില്ലെന്നും സജി ചെറിയാന് പറഞ്ഞു.
കൂടാതെ കോടതികളേയും നീതിന്യായ വ്യവസ്ഥയേയും പ്രസംഗത്തില്‍ മന്ത്രി വിമര്‍ശിക്കുന്നുണ്ട്.‘ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ മനോഹരമായ ഭരണഘടനയാണ് ഇവിടെയുള്ളത്. ബ്രിട്ടീഷുകാര്‍ പറഞ്ഞുകൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാര്‍ എഴുതിയെടുക്കുന്നു. ജനങ്ങളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു’എന്നാണ് മന്ത്രി പറഞ്ഞത്.
ഭരണഘടനയില്‍ തൊട്ട് സത്യം ചെയ്ത് അധികാരത്തിലേറിയ മന്ത്രി ഭരണഘടനയെ പരസ്യമായി അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.